Headlines

പാറപൊട്ടിക്കുന്നതിനിടെ കല്ല് തെറിച്ചുവീണ് വീടിന്റെ മേൽക്കൂര തകർന്നു

മൂവാറ്റുപുഴ: കല്ലൂർക്കാട് പഞ്ചായത്തിലെ പത്താം വാർഡിൽ പെട്ട ചാറ്റുപാറയിൽ പാറപൊട്ടിക്കുന്നതിനിടെ കല്ല് തെറിച്ചുവീണ് വീടിന്റെ മേൽക്കൂര തകർന്നു. വീട്ടിലുണ്ടായിരുന്ന ആർക്കും പരിക്കുകളില്ല. വെള്ളിയാഴ്ച രാവിലെ പത്ത് മണിയോടെയാണ് സംഭവമുണ്ടായത്. ചാറ്റുപാറ തേവരോലിൽ സുരേഷ് ബാബുവിന്റെ വീടിന് മുകളിലാണ് 300 അടിയോളം അകലെയുള്ള പാറമടയിൽ നിന്ന് കല്ല് തെറിച്ച് വീണത്.

വീടിന്റെ മേൽക്കൂരയിലേക്ക് കല്ല് വന്ന് പതിച്ച സമയത്ത് സുരേഷ് ബാബുവിന്റെ ഭാര്യ ഗീത മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. മണിയന്ത്രം മലയുടെ താഴ്ഭാഗത്ത് സ്ഥിതി ചെയ്യുന്ന പാറമടയിൽ പാറ പൊട്ടിക്കുന്നതിനിടയിലാണ് വലിയ ശംബ്ദത്തോടെ കല്ല് വന്ന് വീട്ടിനുമുകളിൽ പതിച്ചത്.

കുറച്ച് മാസങ്ങൾക്ക് മുൻപാണ് പുല്ലുവഴി സ്വദേശിയുടെ ഉടമസ്ഥതയിൽ മണിയന്ത്രം മലയുടെ താഴ്വാരത്ത് പാറമട ആരംഭിച്ചത്. പാറമടയ്ക്കെതിരെ ജില്ലാ കലക്ടർക്ക് ഉൾപ്പെടെ പരാതി നൽകാൻ തയ്യാറെടുക്കുകയാണ് പ്രദേശവാസികൾ. നിയന്ത്രണമില്ലാതെ പാറമടയിൽ പാറപൊട്ടിക്കുന്നതിനെതിരെ മുൻപും പരാതികൾ ഉയർന്നിട്ടുണ്ട്.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: