ബന്ധുക്കളെ യാത്രയാക്കാനായി വന്ദേഭാരതില്‍ കയറിയ കുടുംബത്തിന് കിട്ടിയത് കനത്ത പിഴ. ടിക്കറ്റ് എടുക്കാത്ത കുറ്റത്തിന് 13 പേർ അടങ്ങുന്ന കുടുംബത്തിന് 36140 രൂപയാണ് പഴി ഒടുക്കേണ്ടി വന്നത്. അതുമാത്രമല്ല 150 കിലോ മീറ്ററോളം യാത്ര ചെയ്യേണ്ടിയും വന്നു. നവംബർ 15 ന് വാരണാസി-ഡല്‍ഹി വന്ദേഭാരതിലാണ് സംഭവം.
ഒരു കുട്ടി ഉള്‍പ്പെടെ 13 പേരെടങ്ങുന്ന കുടുംബമാണ് ബന്ധുക്കളെ യാത്രയാക്കുന്നതിനായി കാണ്‍പൂർ സെൻട്രല്‍ റെയില്‍വെ സ്റ്റേഷനില്‍ എത്തിയത്. 9.26 ഓടെയാണ് ട്രെയിൻ സ്റ്റേഷനില്‍ എത്തിയത്. ബാഗും ലഗേജുകളുമെല്ലാം വെയ്ക്കാനായി ഇവർ ബന്ധുക്കള്‍ക്കൊപ്പം ട്രെയിനിന് അകത്ത് കയറുകയായിരുന്നു. പ്ലാറ്റ്ഫോം ടിക്കറ്റോ യാത്ര ടിക്കറ്റോ ഒന്നും ഇവർക്കുണ്ടായിരുന്നില്ല.
ബന്ധുക്കളെ സഹായിച്ച് കഴിഞ്ഞും കുറച്ച് നേരം കൂടി ഇവർ ട്രെയിനില്‍ തുടർന്നു. 9.30ന് തന്നെ ട്രെയിൻ എടുത്തതോടെ ഇവർ പെട്ടു. പലരും ഡോറിനടുത്തേക്ക് ഓടി ഇറങ്ങാൻ ശ്രമിച്ചെങ്കിലും ഓട്ടോമാറ്റിക് വാതിലുകള്‍ പെട്ടെന്ന് അടയുകയായിരുന്നു. ഇതിനിടയില്‍ ചിലർ എമർജെൻസി ചെയ്ൻ വലിച്ച് ട്രെയിൻ നിർത്താനൊക്കെ ശ്രമം നടത്തിയിരുന്നുവെങ്കിലും വിജയിച്ചില്ല.
ഇതിനിടെ സാധുവായ ടിക്കറ്റില്ലാതെ യാത്രക്കാർ ട്രെയിനിനുള്ളില്‍ തുടരുകയാണെന്ന് ജീവനക്കാർ ടുണ്ട്ല കണ്ട്രോള് റൂമില്‍ റിപ്പോർട്ട് ചെയ്തു. തുടർന്ന് കണ്ട്രോള് റൂമിന്റെ നിർദ്ദേശപ്രകാരം ട്രെയിനിന് ഇറ്റാവ ജംഗ്ഷനില്‍ സ്റ്റോപ്പ് അനുവദിക്കുകയായിരുന്നു. തുടർന്ന് ട്രെയിനിറങ്ങിയ 13 പേരേയും റെയില്‍വേ ഉദ്യോഗസ്ഥരും ആർപിഎഫും ചേർന്ന് ട്രെയിനില്‍ നിന്ന് ഇറക്കി ആർപിഎഫ് സ്റ്റേഷനിലേക്ക് മാറ്റി.
ട്രെയിൻ ടിക്കറ്റില്ലാതെ യാത്ര ചെയ്തതിനാല്‍ ഒരാള്‍ക്ക് 3000 രൂപ പിഴ ഒടുക്കിയതായി ആർപിഎഫ് ഇൻസ്പെക്ടർ ദിനേഷ് കുമാർ സിംഗ് അറിയിച്ചു. ഇവർക്ക് പ്ലാറ്റ്ഫോം ടിക്കറ്റും ഉണ്ടായിരുന്നില്ലെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. 36000 രൂപ പിഴ അടച്ചതിന് ശേഷം മാത്രമാണ് എല്ലാവരേയും സ്റ്റേഷൻ വിടാൻ അനുവദിച്ചതെന്നും ഉദ്യോഗസ്ഥൻ വ്യക്തമാക്കി. കുടുംബത്തിന് ശക്തമായ താക്കീതും നല്‍കിയെന്നും അദ്ദേഹം പറഞ്ഞു.
സാധാരണ ട്രെയിൻ പോലയല്ല വന്ദേഭാരത്. ഓരോ സ്റ്റേഷനിലും കുറഞ്ഞ സമയം മാത്രമാണ് ഇവയ്ക്ക് സ്റ്റോപ്പുണ്ടാകുക. മാത്രമല്ല ഓട്ടോമാറ്റിക് വാതിലുകളാണ്. ട്രെയിൻ പുറപ്പെടുന്നതിന് തൊട്ട് മുൻപ് ഇവ അടയും. അതുകൊണ്ട് യാത്രക്കാർ അല്ലാത്തവർ വന്ദേഭാരതില്‍ കയറാതിരിക്കുന്നതാണ് നല്ലതെന്ന് ഉദ്യോഗസ്ഥർ പറയുന്നു. സാധുവായ ടിക്കറ്റില്ലാതെ ട്രെയിനിനുള്ളില്‍ തുടർന്നാല്‍ ട്രെയിൻ പുറപ്പെടുന്ന സ്റ്റേഷൻ മുതല്‍ അവസാന സ്റ്റേഷൻ വരെയുള്ള മുഴുവൻ യാത്രയുടെയും ടിക്കറ്റ് നിരക്കും പിഴയും ഈടാക്കുമെന്നും ഉദ്യോദസ്ഥർ വ്യക്തമാക്കി.


