Headlines

പതിമൂന്ന് വയസുകാരൻ ഓടിച്ച കാർ അപകടത്തിൽപ്പെട്ടു; മൂന്ന് പേർക്ക് ദാരുണാന്ത്യം

ഷാർജ: ഷാർജയിൽ പ്രായപൂർത്തിയാകാത്ത ആൺകുട്ടിയോടിച്ച വാഹനം അപകടത്തിൽപ്പെട്ടു. മൂന്ന് ഇമാറാത്തി ആൺകുട്ടികൾക്ക് ദാരുണാന്ത്യം. ഇന്നലെ വൈകുന്നേരമായിരുന്നു അപകടം. 13നും 15നും ഇടയിൽ പ്രായമുള്ള കുട്ടികളാണ് മരിച്ചത്. ഇഫ്താറിനായി ബന്ധു വീട്ടിലേക്ക് പോകും വഴിയാണ് ഇവർ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടത്. 13 വയസ്സുകാരനായിരുന്നു വാഹനം ഓടിച്ചിരുന്നത്. കൽബ റോഡിൽ വെച്ച് ഇവർ സഞ്ചരിച്ച വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടത്തിന് കാരണമായത്.

വാഹനമെത്തിയത് അമിത വേഗത്തിലായിരുന്നുവെന്നാണ് റിപ്പോർട്ട്. തുടർന്ന് റോഡിൽ നിന്ന് തെന്നി മാറുകയും തീപിടിക്കുകയുമായിരുന്നു. മൂന്ന് പേരും കാറിനുള്ളിൽ കുടുങ്ങിയ നിലയിലായിരുന്നു. ഇഫ്താർ സമയം ആരംഭിച്ചതിന് തൊട്ടുപിന്നാലെ 6.45ഓടെയാണ് അപകടം നടന്ന വിവരം ഷാർജ പോലീസ് ഓപറേഷൻസ് റൂമിൽ ലഭിച്ചത്. ഉടൻ തന്നെ അടിയന്തിര സംഘം സ്ഥലത്തെത്തുകയായിരുന്നു. രണ്ട് ആൺകുട്ടികൾ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. മൂന്നാമത്തെയാളെ ഗുരുതരമായി പരിക്കുകളോടെ ആശുപത്രിയിൽ എത്തിച്ചിരുന്നെങ്കിലും മരിക്കുകയായിരുന്നു. സംഭവസ്ഥലത്ത് മരിച്ച കുട്ടികളുടെ മൃതദേഹം കൂടുതൽ പരിശോധനയ്ക്കായി ആശുപത്രിയിലെത്തിച്ച ശേഷം പിന്നീട് കൽബ കബർസ്ഥാനിൽ അടക്കം ചെയ്തു.

ലൈസൻസില്ലാതെയാണ് കുട്ടികൾ വാഹനമോടിച്ചിരുന്നത്. മാത്രമല്ല പ്രായപൂർത്തിയാകാതെ വാഹനമോടിക്കാൻ അനുവദിക്കുന്നത് മൂലമുണ്ടാകുന്ന അപകടങ്ങളെക്കുറിച്ച് മാതാപിതാക്കൾക്ക് വളരെക്കാലമായി യുഎഇ അധികൃതർ മുന്നറിയിപ്പ് നൽകി വരുന്നുണ്ട്. ട്രാഫിക് നിയമങ്ങളും സുരക്ഷ മുൻകരുതലുകളും കർശനമായി പാലിക്കണമെന്ന് അധികൃതർ അറിയിച്ചു

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: