Headlines

ചക്കയിൽ നിന്നും പ്രതിമാസം ലക്ഷങ്ങൾ ലാഭമുണ്ടാക്കുന്ന  ചെറുപ്പക്കാരന്റെ ബിസിനസ്സ് സൂത്രം ഇതാണ്

കൊച്ചി: കേരളത്തിൽ പ്ലാവ് ഇല്ലാത്ത പറമ്പുകൾ വിരളമാണ്. കേരളത്തിന്റെ ഔദ്യോഗിക ഫലമായ ചക്ക പക്ഷേ പലപ്പോഴും വീട്ടുകാരുടെ ഉപയോഗം കഴിഞ്ഞാൽ പാഴായി പോകുകയാണ് പതിവ്. തുച്ഛമായ വിലനൽകി ചക്ക വാങ്ങുന്ന കച്ചവടക്കാരമുണ്ട്. പലപ്പോഴും ചെറിയ പൈസയാകും ഇത്തരത്തിൽ കച്ചവടക്കാർ നൽകുക. എന്നാൽ, ചക്കയിൽ നിന്നും പ്രതിമാസം ലക്ഷങ്ങൾ ലാഭമുണ്ടാക്കുന്ന ഒരു ചെറുപ്പക്കാരനാണ് ഇപ്പോൾ വാർത്തകളിൽ ഇടംപിടിക്കുന്നത്. തൃശൂർ മുരിയാട് സ്വദേശി കാർത്തിക് സുരേഷാണ് കേരളത്തിൽ ചക്ക വിപണിയുടെ അനന്ത സാധ്യത മനസ്സിലാക്കി നേട്ടമുണ്ടാക്കുന്നത്.

ഇലക്ട്രിക്കൽ എൻജിനിയറാണ് കാർത്തിക് സുരേഷ്. രണ്ടര വർഷം മുമ്പാണ് കാർത്തിക് സുരേഷ് പുതിയൊരു സംരംഭം ആരംഭിച്ചത്. കർഷകരിൽ നിന്നും വിളവെത്തിയ ചക്ക വാങ്ങി സ്വാഭാവികമായി പഴുപ്പിച്ച് കുരു കളഞ്ഞ് പായ്ക്ക് ചെയ്ത് സൂപ്പർ മാർക്കറ്റുകളിലെത്തിച്ചു. റെഡി ടു ഈറ്റ് ചക്കപ്പഴത്തിന് നല്ല ഡിമാൻഡായതോടെ പതിയെപതിയെ തന്റെ ബിസിനസ് വിപുലപ്പെടുത്തി. ഇന്ന് 12 സ്ഥിരം ജോലിക്കാരും അതിലേറെ താത്ക്കാലിക തൊഴിലാളികളുമുള്ള ബിസിനസ് സംരംഭത്തിന്റെ ഉടമയാണ് ഈ‌ മുപ്പത്തൊന്നുകാരൻ.

കർഷകരിൽ നിന്നും വാങ്ങി സ്വാഭാവികമായി പഴുപ്പിച്ച്, കുരുകളഞ്ഞ ചുളകൾ പ്ലാസ്റ്റിക് ബോക്‌സിലാക്കിയാണ് വിൽപ്പന. 200 ഗ്രാമിന്റെ പായ്ക്കറ്റുകൾ 400 എണ്ണം വരെ ഒരുദിവസം സൂപ്പർമാർക്കറ്റുകളിലെത്തുന്നു. ചില്ലറ വിൽപ്പനയില്ല. ചുവപ്പു ചുളകളുടെ പായ്ക്കറ്റിന് 100 രൂപ. മഞ്ഞയ്ക്ക് 90. ചക്കക്കുരു കിലോ 40-50 രൂപയ്‌ക്ക് വിൽക്കും. കൂഞ്ഞിൽ, ചവിണി, തൊലി തുടങ്ങിയവ ക്ഷീരകർഷകർക്ക് വിൽക്കും. തോട്ടങ്ങളിൽ വളമായും ഉപയോഗിക്കുന്നു. മാസം ശരാശരി ഒന്നര ലക്ഷം രൂപ ലാഭം കിട്ടുമത്രെ.

തൃശൂർ, കോട്ടയം, ഇടുക്കി, പത്തനംതിട്ട, വയനാട് എന്നിവിടങ്ങളിലെ തോട്ടങ്ങളിൽനിന്നാണ് ചക്ക വാങ്ങുന്നത്. വിദേശ ഇനങ്ങളും കേരളത്തിൽ കൃഷി ചെയ്യുന്നതിനാൽ ചക്ക സമൃദ്ധം. കീടനാശിനി പ്രയോഗിക്കാത്ത സംശുദ്ധ പഴമാണ് ചക്കയെന്ന തിരിച്ചറിവ് സ്വീകാര്യത വർദ്ധിപ്പിക്കുന്നു. സംരംഭകർക്ക് മാർഗനിർദ്ദേശം നൽകുന്ന വൈ.ഇ സ്റ്റാക് എന്ന സ്ഥാപനത്തിന്റെ സഹായത്തോടെയാണ് ഈ രംഗത്തെത്തിയത്. തൃപ്പൂണിത്തുറ ഉദയംപേരൂർ സ്വദേശി ശരണ്യ (എൻജിനീയർ, ബംഗളൂരു)യാണ് ഭാര്യ.

പ്രധാന ഇനങ്ങൾ

വിയറ്റ്‌നാം ഏർലി
സിന്ദൂര
കമ്പോഡിയൻ
ഡംഗ് സൂര്യ
ജെ 33
തേൻവരിക്ക
മുട്ടം വരിക്ക
നാടൻ വരിക്ക
പത്താംമുട്ടം
താമരച്ചക്ക



Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: