വാട്സ്ആപ്പ് തങ്ങളുടെ ഉപയോക്താക്കള്‍ക്കായി പുതിയ സ്വകാര്യതാ ഫീച്ചര്‍ അവതരിപ്പിക്കാനൊരുങ്ങുന്നു. ഫോട്ടോകള്‍ക്കും വിഡിയോകള്‍ക്കും വോയിസ് മെസേജുകള്‍ക്കും മാത്രമുണ്ടായിരുന്ന ‘വ്യൂ വണ്‍സ്’ (View Once) സൗകര്യം ഇനി ടെക്സ്റ്റ് മെസേജുകളിലും ലഭ്യമാകും. സന്ദേശം ലഭിക്കുന്നയാള്‍ ഒരുതവണ തുറന്നുകണ്ടാല്‍ പിന്നീട് അത് വീണ്ടും കാണാന്‍ കഴിയില്ലെന്നതാണ് ഈ ഫീച്ചറിന്റെ പ്രത്യേകത. സ്വകാര്യ വിവരങ്ങള്‍ ചാറ്റുകളിലൂടെ കൈമാറുമ്പോള്‍ കൂടുതല്‍ സുരക്ഷ ഉറപ്പാക്കുകയാണ് ഇതിലൂടെ വാട്സ്ആപ്പ് ലക്ഷ്യമിടുന്നത്.
നിലവില്‍ ആന്‍ഡ്രോയിഡ് ബീറ്റാ ഉപയോക്താക്കള്‍ക്കിടയിലാണ് ഈ ഫീച്ചര്‍ ലഭ്യമാക്കിത്തുടങ്ങിയത്. വാട്സ്ആപ്പ് ബീറ്റാ ഫോര്‍ ആന്‍ഡ്രോയിഡ് 2.26.45.6 അപ്ഡേറ്റിലാണ് പുതിയ സൗകര്യമെന്ന് വാട്സ്ആപ്പ് അപ്ഡേറ്റുകള് നിരീക്ഷിക്കുന്ന വെബ്സൈറ്റായ WABetaInfo റിപ്പോര്‍ട്ട് ചെയ്തു. വരും ആഴ്ചകളില്‍ കൂടുതല്‍ ഉപയോക്താക്കളിലേക്ക് ഫീച്ചര്‍ എത്തുമെന്നാണ് റിപ്പോര്‍ട്ട്.
*എങ്ങനെ ഉപയോഗിക്കാം?*
വാട്സ്ആപ്പില്‍ ടെക്സ്റ്റ് മെസേജ് ടൈപ്പ് ചെയ്തശേഷം സെന്‍ഡ് ബട്ടണ്‍ അമര്‍ത്തിപ്പിടിക്കുക. സന്ദേശം ഷെഡ്യൂള്‍ ചെയ്യുന്നതിനും വ്യൂ വണ്‍സ് ഓപ്ഷന് തിരഞ്ഞെടുക്കുന്നതിനുമുള്ള മെനു പ്രത്യക്ഷപ്പെടും. ഇതില്‍ വ്യൂ വണ്‍സ് തെരഞ്ഞെടുത്താല്‍ സന്ദേശം ഈ രീതിയില്‍ അയക്കാം. എന്നാല്‍ നിലവില്‍ വ്യൂ വണ്‍സ് മെസേജുകള്‍ ഷെഡ്യൂള്‍ ചെയ്യാനുള്ള സൗകര്യമില്ല.
സാധാരണ ചാറ്റ് വിന്‍ഡോയില്‍ സന്ദേശം നേരിട്ട് വായിക്കാന്‍ കഴിയില്ല. പകരം, സന്ദേശത്തില്‍ ടാപ്പ് ചെയ്താല്‍ പ്രത്യേക സ്ക്രീനില്‍ അത് തുറന്നുവരും. വായിച്ചശേഷം ആ സ്ക്രീന്‍ അടച്ചുകഴിഞ്ഞാല്‍ സന്ദേശം വീണ്ടും തുറക്കാന്‍ കഴിയില്ല. ചാറ്റില്‍ സന്ദേശത്തിന് പകരം അത് തുറന്നതായി സൂചിപ്പിക്കുന്ന അടയാളവും പ്രത്യക്ഷപ്പെടും. റീഡ് റസീപ്റ്റ്സ് ഓണ്‍ ചെയ്തിട്ടുണ്ടെങ്കില്‍ സന്ദേശം തുറന്നതായി അയച്ചയാള്‍ക്കും അറിയാനാകും.
*സ്ക്രീന്‍ഷോട്ടും കോപ്പിയും എടുക്കാനാകില്ല*
പുതിയ ഫീച്ചറില്‍ സ്വകാര്യത ഉറപ്പാക്കാന്‍ കൂടുതല്‍ നിയന്ത്രണങ്ങളും വാട്സ്ആപ്പ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. സന്ദേശം വായിക്കുന്ന സമയത്ത് സ്ക്രീന്‍ഷോട്ടും സ്ക്രീന്‍ റെക്കോര്‍ഡിങ്ങും തടയും. സന്ദേശത്തിലെ ഉള്ളടക്കം കോപ്പി ചെയ്യാനോ മറ്റൊരു ചാറ്റിലേക്ക് ഫോര്‍വേഡ് ചെയ്യാനോ സേവ് ചെയ്യാനോ കഴിയില്ല. സന്ദേശത്തില്‍ അമര്‍ത്തിപ്പിടിച്ചുള്ള മറ്റ് പ്രവര്‍ത്തനങ്ങളും ലഭ്യമാകില്ല. പാസ്വേഡുകള്, ഒറ്റത്തവണ ഉപയോഗിക്കാവുന്ന വെരിഫിക്കേഷന് കോഡുകള്‍ തുടങ്ങിയ സ്വകാര്യ വിവരങ്ങള്‍ കൈമാറാന്‍ ഈ ഫീച്ചര്‍ പ്രയോജനപ്പെടും. ഇത്തരം വിവരങ്ങള്‍ ചാറ്റ് ഹിസ്റ്ററിയില്‍ സ്ഥിരമായി നിലനില്‍ക്കുന്നത് ഒഴിവാക്കാനും ഇതിലൂടെ സാധിക്കും.
നിലവില്‍ തെരഞ്ഞെടുത്ത ബീറ്റാ ഉപയോക്താക്കള്‍ക്ക് മാത്രമാണ് ഈ സൗകര്യം ലഭിക്കുന്നത്. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍നിന്ന് ഏറ്റവും പുതിയ ബീറ്റാ അപ്ഡേറ്റ് ഇന്‍സ്റ്റാള്‍ ചെയ്താലും എല്ലാവര്ക്കും ഉടന്‍ ഫീച്ചര്‍ ലഭിക്കണമെന്നില്ല. വരും ആഴ്ചകളില്‍ കൂടുതല്‍ അക്കൗണ്ടുകളിലേക്ക് ഘട്ടംഘട്ടമായി എത്തിക്കാനാണ് വാട്സ്ആപ്പിന്റെ നീക്കം. എല്ലാ ഉപയോക്താക്കള്‍ക്കും ലഭ്യമാക്കുന്ന തീയതി കമ്പനി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.


