പോയത് മീൻ പിടിക്കാൻ; സഹോദരങ്ങൾ ഉൾപ്പെടെ മൂന്ന് ആൺകുട്ടികളെ തടാകത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

ചെന്നൈ: തമിഴ്‌നാട്ടിലെ കല്ലാകുറിച്ചി ജില്ലയിൽ ചിന്നസാലേമിന് സമീപമുള്ള തൊട്ടപ്പാടിയിൽ, മൂന്ന് ആൺകുട്ടികളെ തടാകത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ഞായറാഴ്ച ഉച്ചകഴിഞ്ഞ് മീൻപിടിക്കാൻ പോയവരാണ് ഇവർ എന്നാണ് വിവരം. മരിച്ചവരിൽ രണ്ട് സഹോദരന്മാരും അവരുടെ സുഹൃത്തും ഉൾപ്പെടുന്നു. തിങ്കളാഴ്ച രാവിലെയാണ് തടാകത്തിൽ ഇവരെ മരിച്ച നിലയിൽ കണ്ടെത്തിയത്.

ഞായറാഴ്ച ഉച്ചയോടെയാണ് കുട്ടികൾ മീൻ പിടിക്കാനായി പോയത്. ഇമ്മാനുവൽ (11), സാം എബ്രഹാം (9), രാജ (14) എന്നിവരാണ് മരിച്ചത്. ഇമ്മാനുവലും സാം എബ്രഹാമും സഹോദരങ്ങളാണ്. രാജ ഇവരുടെ സുഹൃത്തായിരുന്നു. മൂവരും ഒരുമിച്ചാണ് പ്രദേശത്തെ തടാകത്തിൽ മീൻ പിടിക്കാൻ പോയത്. കുട്ടികൾ വീട്ടിൽ തിരിച്ചെത്താതിരുന്നതോടെ ആശങ്കയിലായ വീട്ടുകാർ തെരച്ചിൽ ആരംഭിച്ചിരുന്നു.

തുടർന്ന് ഞായറാഴ്ച വൈകുന്നേരം പോലീസിൽ പരാതി നൽകുകയും പൊലീസ് തെരച്ചിൽ ഊർജിതമാക്കുകയും ചെയ്തു. ഒടുവിൽ തിങ്കളാഴ്ച രാവിലെയാണ് കുട്ടികളുടെ മൃതദേഹങ്ങൾ തടാകത്തിൽ നിന്നും കണ്ടെത്തിയത്. അഗ്നിരക്ഷാസേന എത്തി പുറത്തെടുത്ത മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടം പരിശോധനയ്ക്കായി കള്ളക്കുറിച്ചി ഗവൺമെന്റ് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

മീൻ പിടിക്കുന്നതിനിടെ കുട്ടികൾ അബദ്ധത്തിൽ വെള്ളത്തിൽ വീണതാകാം എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തിൽ വിശദമായ അന്വേഷണം നടക്കുന്നുണ്ടെന്ന് പൊലീസ് അറിയിച്ചു. ഏതെങ്കിലും നിഗമനത്തിലെത്തുന്നതിന് മുൻപ്, ശാസ്ത്രീയ അന്വേഷണം ഉൾപ്പെടെയുള്ള നിശ്ചിത നടപടിക്രമങ്ങളെല്ലാം പാലിക്കുമെന്ന് അധികൃതർ അറിയിച്ചു.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: