Headlines

ശരണമന്ത്രങ്ങൾ ഉണരുകയായി…ശബരിമല നട ഇന്ന് തുറക്കും;മണ്ഡലകാലത്തിന് തുടക്കമാകുന്നു



ശബരിമല: വ്രതശുദ്ധിയോടെ അയ്യപ്പദർശനത്തിനായി കാത്തിരിക്കുന്ന ലക്ഷക്കണക്കിന് തീർത്ഥാടകരെ വരവേൽക്കാൻ ശബരിമല സന്നിധാനം ഒരുങ്ങി. മണ്ഡല-മകരവിളക്ക് തീർത്ഥാടന കാലത്തിന് മുന്നോടിയായി ഇന്ന് വൈകിട്ട് അഞ്ചിന് ശബരിമല നട തുറക്കും.
തന്ത്രി കണ്ഠരര് ബ്രഹ്മദത്തന്റെ സാന്നിധ്യത്തിൽ മേൽശാന്തി ഇ.ഡി. പ്രസാദ് നമ്പൂതിരി നട തുറന്ന് ശ്രീകോവിലിൽ ദീപം തെളിക്കും. തുടർന്ന് മേൽശാന്തി പതിനെട്ടാംപടി ഇറങ്ങി ഹോമകുണ്ഡത്തിൽ അഗ്നി പകരുന്നതോടെ സന്നിധാനം ശരണഘോഷങ്ങളാൽ മുഖരിതമാകും.

പുതിയ മേൽശാന്തിമാരുടെ സ്ഥാനാരോഹണം
ഇരുമുടിക്കെട്ടുമായി എത്തുന്ന നിയുക്ത ശബരിമല മേൽശാന്തി സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരിയെയും നിയുക്ത മാളികപ്പുറം മേൽശാന്തി എ. ദാമോദരൻ നമ്പൂതിരിയെയും നിലവിലെ മേൽശാന്തി പ്രസാദ് നമ്പൂതിരിയുടെ നേതൃത്വത്തിൽ പതിനെട്ടാംപടിയിലൂടെ സോപാനത്തിലേക്ക് ആനയിക്കും.
തുടർന്ന് തന്ത്രി കലശാഭിഷേകം നടത്തി സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരിയെ ശ്രീകോവിലിനുള്ളിലേക്ക് കൊണ്ടുപോകും. അയ്യപ്പവിഗ്രഹത്തിന് സമീപം ഇരുത്തി കാതിൽ മൂലമന്ത്രം ചൊല്ലിക്കൊടുക്കും. ഇതേ രീതിയിൽ എ. ദാമോദരൻ നമ്പൂതിരിയെയും മാളികപ്പുറം ക്ഷേത്രത്തിലെ മേൽശാന്തിയായി അവരോധിക്കും.
നാളെ വൃശ്ചികപ്പുലരിയിൽ പുലർച്ചെ മൂന്നിന് പുതിയ മേൽശാന്തിമാരാണ് ശബരിമലയിലെയും മാളികപ്പുറത്തെയും നടകൾ തുറക്കുക.

പ്രതിദിനം 80,000 തീർത്ഥാടകർക്ക് ദർശനസൗകര്യം
വൃശ്ചികം ഒന്നുമുതൽ മണ്ഡലപൂജ വരെയുള്ള കാലയളവിൽ പ്രതിദിനം 80,000 തീർത്ഥാടകർക്ക് ദർശനം നടത്താനുള്ള സൗകര്യമാണ് ഒരുക്കുന്നത്.
വെർച്വൽ ക്യൂ ബുക്കിംഗിലൂടെ 60,000 പേർക്കും സ്‌പോട്ട് ബുക്കിംഗ് വഴി വിവിധ കേന്ദ്രങ്ങളിലായി 14,000 പേർക്കും ദർശനം നടത്താം.
സ്‌പോട്ട് ബുക്കിംഗ് സൗകര്യങ്ങൾ
▪️ നിലയ്ക്കൽ – 10,000 പേർ
▪️ എരുമേലി കാനനപാത – 2,000 പേർ
▪️ വണ്ടിപ്പെരിയാർ സത്രം–പുൽമേട് പാത – 2,000 പേർ
ഓൺലൈൻ ബുക്കിംഗിലൂടെ എരുമേലി, സത്രം കാനനപാതകൾ വഴി 3,000 പേർക്ക് വീതം ദർശനസൗകര്യമുണ്ടാകും.
ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിലും സ്‌പോട്ട് ബുക്കിംഗിന് സൗകര്യമൊരുക്കും. തിരക്കിന് അനുസരിച്ചായിരിക്കും ഇവിടെനിന്നുള്ള ബുക്കിംഗ് അനുവദിക്കുക. തീർത്ഥാടനകാലത്ത് പമ്പയിൽ സ്‌പോട്ട് ബുക്കിംഗ് ഉണ്ടായിരിക്കില്ല.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: