ഫ്ളോറിഡ: ഇന്ത്യൻ ബഹിരാകാശ യാത്രികൻ ശുഭാംശു ശുക്ല ഉൾപ്പെട്ട ആക്സിയം 4 ( Axiom Mission 4) ബഹിരാകാശ ദൗത്യം ഇന്ന്. സാങ്കേതിക കാരണങ്ങളാൽ ആറു തവണ നീട്ടിയ ദൗത്യം ഇന്നത്തേയ്ക്ക് നിശ്ചയിക്കുകയായിരുന്നു. ഇന്ന് ഇന്ത്യൻ സമയം ഉച്ചയ്ക്ക് 12.01 നാണ് ശുഭാംശു ശുക്ലയും സംഘവും ബഹിരാകാശത്തേയ്ക്ക് പുറപ്പെടുക. നാളെ വൈകീട്ട് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ എത്തുന്ന സംഘം 14 ദിവസം അവിടെ തുടരും.
അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്കുള്ള നാലാമത്തെ സ്വകാര്യ വാണിജ്യ ദൗത്യമാണ് ആക്സിയം-4. നാസ, ആക്സിയം സ്പേസ്, സ്പേസ് എക്സ് എന്നിവയുടെ സഹകരണത്തോടെയാണ് ആക്സിയം മിഷൻ 4 ഒരുക്കിയിരിക്കുന്നത്.
ഫ്ളോറിഡയിലെ നാസയുടെ കെന്നഡി സ്പേസ് സെന്ററിലെ ലോഞ്ച് കോംപ്ലക്സ് 39എയിൽ നിന്ന് ഫാൽക്കൺ 9 റോക്കറ്റിലാണ് സ്പേസ് എക്സ് ഡ്രാഗൺ ബഹിരാകാശ പേടകം ബഹിരാകാശ ദൗത്യത്തിനായി കുതിക്കുക.
