പൂനെ : സീസണിലെ ആദ്യ മത്സരത്തിൽ ക്ലീൻ ഷീറ്റ് ജയവുമായി കേരള ബ്ലാസ്റ്റേഴ്‌സ്. എതിരില്ലാത്ത രണ്ട് ഗോളിനാണ് ബ്ലാസ്റ്റേഴ്സിന്റെ ജയം. വിബിൻ മോഹനൻ, ആന്ദ്രേ ഗ്രീൻ എന്നിവരാണ് ടീമിനായി ഗോൾ കണ്ടെത്തിയത്.നായകൻ അഡ്രിയാൻ ലൂണയുടെ അഭാവത്തിൽ മലയാളി താരം വിബിൻ മോഹനനാണ് ടീമിനെ നയിച്ചത്. പതിനെട്ടാം മിനുട്ടിൽ വലത് വിങ്ങിൽ നിന്ന് കോറോ സിങ് നീട്ടി നൽകിയ പന്ത് സുന്ദരനൊരു ഫിനിഷിലൂടെ വിബിൻ വലക്കകത്താക്കി. ഗോളിന് പിന്നാലെ വീണ്ടും നിരവധി അവസരങ്ങൾ ടീമിന് ലഭിച്ചെങ്കിലും ഇന്റർ കാശി താരങ്ങളുടെ സമയോചിത ഇടപെടൽ സ്‌കോർ നില മാറ്റമില്ലാതെ നിലനിർത്തി.രണ്ടാം പകുതിയിൽ ഇന്റർ കാശി കൂടുതൽ ഉണർന്ന് കളിച്ചെങ്കിലും കേരളത്തിന്റെ പ്രതിരോധ നിറയെ ഭേദിക്കാൻ അവർക്കായില്ല. മത്സരത്തിന്റെ ഇഞ്ചുറി സമയത്താണ് ടീമിന്റെ രണ്ടാം ഗോൾ പിറക്കുന്നത്. ഇന്റർ കാശി താരത്തിന്റെ പിഴവിൽ നിന്ന് വീണ് കിട്ടിയ പന്ത് സനാൻ നേരെ ബോക്സിലേക്ക് നീട്ടി നൽകുന്നു. ബോളിലേക്ക് അതിവേഗം ഓടിക്കയറിയ ആന്ദ്രേ ഗ്രീൻ ഗോൾകീപ്പർ ആൽബിനോ ഗോമസിനെ സമർത്ഥമായി കബളിപ്പിച്ച് വലകുലുക്കി.ജയത്തോടെ നിലവിൽ മൂന്ന് പോയിന്റുള്ള ബ്ലാസ്റ്റേഴ്‌സ് പട്ടികയിൽ ഒന്നാം സ്ഥാനത്താണ്. ഒക്ടോബർ 18ന് നോർത്തീസ്റ്റ് യുനൈറ്റഡിനെതിരെയാണ് ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരം.


