*കോഴിക്കോട്* : സംസ്ഥാന സ്കൂൾ കായികമേള അത്ലറ്റിക്സിൽ മലപ്പുറത്തിന് ഹാട്രിക്ക് കിരീടം. പാലക്കാടിൻ്റെ വെല്ലുവിളി മറികടന്ന് 204 പോയിൻ്റുമായാണ് മലപ്പുറം ചാമ്പ്യന്മാരായത്. 19 സ്വർണം അടക്കം 204 പോയിൻ്റോടെയാണ് മലപ്പുറത്തിൻ്റെ കിരീടനേട്ടം. ഗെയിംസിലും അക്വാട്ടിക്സിലും മേധാവിത്തം തുടർന്ന തിരുവനന്തപുരം തുടരെ രണ്ടാം തവണയും ഓവറോൾ ചാമ്പ്യന്മാർക്കുള്ള സ്വർണക്കപ്പ് സ്വന്തമാക്കി. സ്കൂളുകളിൽ ഐഡിയൽ കടകശേരി തുടരെ അഞ്ചാം തവണയും എതിരാളികളില്ലാതെ മുന്നേറി.
കൗമാര കേരളത്തിൻ്റെ ആവേശക്കുതിപ്പിൽ ഉടനീളം കണ്ടത് മലപ്പുറം പാലക്കാട് ജില്ലകളുടെ ഇഞ്ചോടിഞ്ച് പോരാട്ടമായിരുന്നു. മിന്നും പ്രകടനവുമായി ആലപ്പുഴയും കളം നിറഞ്ഞപ്പോൾ അത്ലറ്റിക്സിൽ അവസാനദിനം വരെ ആകാംഷ നിറഞ്ഞു നിന്നു. തിരുവനന്തപുരം മേളയിൽ അവസാനിപ്പിച്ചത് കോഴിക്കോടും തുടർന്ന് മലപ്പുറം. 204 പോയിൻ്റുമായി പാലക്കാടിനെ ബഹുദൂരം പിന്നിലാക്കി ആയിരുന്നു ഹാട്രിക് കിരീടം.
19 സ്വർണവും 23 വെള്ളിയും 19 വെങ്കലവും മലപ്പുറം നേടി. അവസാന നിമിഷം വരെ പൊരുതിയ പാലക്കാട് 161 പോയിൻ്റുമായി രണ്ടാം സ്ഥാനത്താണ്. സ്പോർട്സ് സ്കൂളുകളുടെ പിന്തുണ ഉള്ള തിരുവനന്തപുരത്തെ മറികടന്ന് ആലപ്പുഴ മൂന്നാം സ്ഥാനത്ത് എത്തിയതും ശ്രദ്ധേയമായി. ആലപ്പുഴ 109ഉം തിരുവനന്തപുരം 96ഉം പോയിൻ്റ് നേടി.
സ്കൂളുകളിൽ ഒറ്റപ്പേര് ഐഡിയൽ കടകശേരി. ഇത്തവണയും മലപ്പുറത്തിൻ്റെ കുന്തമുനയായ ഐഡിയൽ തുടരെ അഞ്ചാം വട്ടവും കിരീടം കാത്തു. ട്രാക്കിലും ഫീൽഡിലും ഒരുപോലെ മികവ് തെളിയിച്ചാണ് ഐഡിയൽ കടകശേരിയുടെ കുട്ടികൾ മലപ്പുറത്തിന് കരുത്തായത്. നാവാമുകുന്ദ സ്കൂളിൻ്റെ അഭാവത്തിലും മീറ്റിൽ ആധിപത്യം തുടരാൻ മലപ്പുറത്തിന് ഐഡിയൽ ശക്തമായ പിന്തുണയായി. എട്ട് സ്വർണം അടക്കം 75 പോയിൻ്റാണ് ഐഡിയൽ സ്കൂളിൻ്റെ സംഭാവന.
രണ്ടാം സ്ഥാനത്തുള്ള പാലക്കാട് വടവന്നൂർ സ്കൂളിന് 5 സ്വർണം അടക്കം 34 പോയിൻ്റാണ്. 4 സ്വർണം അടക്കം 34 പോയിൻ്റ് സ്വന്തമാക്കി ആലത്തിയൂരും കരുത്ത് കാട്ടി. സ്പോർട്സ് സ്കൂളുകളിൽ 85 പോയിൻ്റുമായി ജിവി രാജ തിളങ്ങി. അത്ലറ്റിക്സിൽ വടക്കൻ ജില്ലകൾ മേധാവിത്വം തുടർന്നപ്പോൾ ഓവറോൾ ചാമ്പ്യൻഷിപ്പിപ്പിൽ തിരുവനന്തപുരത്തിന് എതിരാളികൾ ആരുമുണ്ടായില്ല.
അക്വാറ്റിക്സിലെ ആധിപത്യം ഗെയിംസിലും തുടർന്ന തിരുവനന്തപുരത്തിന് മേളയുടെ തുടക്കം മുതൽ ആധിപത്യം. ചരിത്രത്തിൽ ആദ്യമായി 2000 പോയിൻ്റ് എന്ന സ്വപ്ന നേട്ടം മറികടന്ന തലസ്ഥാന ജില്ല 2012 പോയിൻ്റുമായാണ് ഓവറോൾ ചാമ്പ്യന്മാർ ആയത്. മുഖ്യമന്ത്രിയുടെ സ്വർണക്കപ്പ് തിരുവനന്തപുരം രണ്ടാം തവണയും തൂക്കി.
റെക്കോർഡുകൾ കുത്തനെ കുറഞ്ഞത് നിരാശയുണ്ടാക്കി. വെറും ആറ് റെക്കോർഡ് പ്രകടനം മാത്രമാണ് ഇത്തവണ മേളയിൽ ഉണ്ടായത്. എറണാകുളം മേളയിൽ എട്ടും തിരുവനന്തപുരത്ത് 16ഉം റെക്കോർഡുകൾ പിറന്നപ്പോഴാണ് പുതിയ സിന്തറ്റിക് ട്രാക്കിൽ നടത്തിയ കോഴിക്കോട് മേളയിൽ റെക്കോർഡ് ആറിൽ ഒതുങ്ങിയത്. ജൂനിയർ ആൺകുട്ടികളുടെ 400 മീറ്ററിലും 400 മീറ്റർ ഹർഡിൽസിലും റെക്കോർഡിട്ട് തിരുവനന്തപുരത്തിൻ്റെ ശ്രീഹരി കരിക്കൻ മിന്നിച്ചു. സീനിയർ ആൺകുട്ടികളുടെ 100 മീറ്ററിൽ അതുൽ ടിഎമ്മും പെൺകുട്ടികളിൽ അനാമിക അജേഷും റെക്കോർഡ് തിരുത്തി ആലപ്പുഴയുടെ യശസുയർത്തി. ജൂനിയർ ആൺകുട്ടികളുടെ ലോങ് ജംപിൽ കോരുത്തോടിൻ്റെ യുപി താരം വിഷ്ണു യാദവും റെക്കോർഡ് ബുക്കിൽ ഇടംപിടിച്ചു. മീറ്റിലെ അവസാന മത്സരമായ സീനിയർ ആൺകുട്ടികളുടെ 4×400 മീറ്റർ റിലേയിൽ മലപ്പുറം റെക്കോർഡും സ്വർണവും പേരിൽ എഴുതി.
പ്രായത്തട്ടിപ്പിനും ഉത്തേജകമരുന്ന് ഉപയോഗത്തിനും കൃത്യമായ തടയിടാനാകാത്തത് ഇത്തവണയും നിരാശപ്പെടുത്തി. അടുത്ത മേളയിൽ കൃത്യമായ സംവിധാനം ഒരുക്കുമെന്നാണ് അധികൃതരുടെ ഉറപ്പ്. കോട്ടയം കോരുത്തോട് സ്കൂളിലെ യുപി വിദ്യാർഥി അയോഗ്യനാക്കപ്പെട്ടത് പരാതിക്ക് പിന്നാലെ എല്ല് പരിശോധനയിൽ പരാജയപ്പെട്ടതോടെയാണ്. മറ്റ് വിദ്യാർഥികൾക്ക് എതിരെയും പരാതി ഉണ്ടായെങ്കിലും പരിശോധന നടന്നില്ല. ഉത്തേജക പരിശോധന നടത്താത്തതിനാൽ പല പ്രകടനങ്ങളും സംശയമുനയിൽ തുടരും. വരും കാലങ്ങളിൽ കായികമേള കൂടുതൽ മികവുറ്റത് ആകുമെന്നാണ് മന്ത്രിയുടെ ഉറപ്പ്. കാണികളുടെ അകമഴിഞ്ഞ പിന്തുണയാണ് കോഴിക്കോട് മേളയുടെ ഹൈലൈറ്റ്. ഏഴ് ദിവസം നീണ്ട മേളയിൽ ഉടനീളം കാലാവസ്ഥയെ വകവയ്ക്കാതെ ജനം ഒഴുകിയെത്തി താരങ്ങൾക്ക് പിന്തുണ നൽകി.


