കടയ്ക്കൽ : കൊല്ലം കടയ്ക്കലിൽ ജീവനൊടുക്കാൻ ശ്രമിച്ചതിനെത്തുടർന്ന് ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. ഇളമ്പഴന്നൂർ സമീർ മൻസിലിൽ സമീറിന്റെ ഭാര്യ നിഷ്ന (27) ആണ് മരിച്ചത്. സ്വകാര്യ സ്കൂളിൽ അധ്യാപികയായി ജോലി ചെയ്യുകയായിരുന്നു നിഷ്ന.
കഴിഞ്ഞ ദിവസം ഫോണിൽ ചാറ്റ് ചെയ്തതുമായി ബന്ധപ്പെട്ട് ഭർത്താവ് സമീർ നിഷ്നയെ ചോദ്യം ചെയ്തിരുന്നതായി പൊലീസ് അറിയിച്ചു. സ്കൂളിലെ ജോലി കഴിഞ്ഞ് വീട്ടിലെത്തിയ നിഷ്ന ജീവനൊടുക്കാൻ ശ്രമിക്കുകയായിരുന്നു. സംഭവം ശ്രദ്ധയിൽപ്പെട്ട സമീർ കുരുക്കഴിച്ച് ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സയ്ക്കിടെ മരണം സംഭവിച്ചു.
പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം കബറടക്കി. ഏരൂർ പത്തടി നിയാസ് മൻസിലിൽ മുഹമ്മദ് ബഷീറിന്റെയും സുബയയുടെയും മകളാണ് നിഷ്ന. മക്കൾ: ഐന ഫാത്തിമ, ഐഹാൻ ഫാത്തിമ


