ന്യൂഡൽഹി: ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ (ഐഒഎ) തെരഞ്ഞെടുപ്പിൽ പി ടി ഉഷയ്ക്കെതിരെ സമർപ്പിച്ച പരാതി തള്ളി. ഐഒഎ ജനറൽ കൗൺസിലിലേക്ക് ഐസ് ഹോക്കി അസോസിയേഷൻ സമർപ്പിച്ച, പി ടി ഉഷ ഉൾപ്പെടെയുള്ള പ്രതിനിധികളുടെ പട്ടികയ്ക്ക് വരണാധികാരി അംഗീകാരം നൽകി. ഐഒഎ, ഐസ് ഹോക്കി അസോസിയേഷൻ ഭാരവാഹികളുടെ മറുപടികൾ പരിഗണിച്ച ശേഷമാണ് തീരുമാനം.
ഐസ് ഹോക്കി അസോസിയേഷൻ പ്രതിനിധിയായി പി ടി ഉഷയെ നാമനിർദേശം ചെയ്തതിനെതിരേ ഐസ് ഹോക്കി അസോസിയേഷനിലെ ഒരുവിഭാഗമാണ് പരാതി നൽകിയത്. ഭരണപരമായ യാതൊരു ബന്ധവുമില്ലാത്ത ഒരു കായിക ഇനത്തെ ഉഷ എങ്ങനെ പ്രതിനിധീകരിക്കും എന്ന ചോദ്യമാണ് ഉയർത്തിയത്. എന്നാൽ പി ടി ഉഷ 2023 ഡിസംബറിൽ ഐസ് ഹോക്കി അസോസിയേഷൻ കേരള ഘടകത്തിന്റെ വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു എന്നാണ് റിപ്പോർട്ടുകൾ.
ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ എക്സിക്യൂട്ടീവ് കൗൺസിൽ തെരഞ്ഞെടുപ്പിന്റെ അന്തിമ വോട്ടർ പട്ടിക ഇന്നു പുറത്തിറക്കും. ഡിസംബർ അഞ്ചിനാണ് ഐഒഎ എക്സിക്യൂട്ടീവ് കൗൺസിൽ തെരഞ്ഞെടുപ്പ് നടക്കുക. ഇതിനു മുന്നോടിയായി ഐഒഎ ജനറൽ കൗൺസിലിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ നിലവിലെ ഒളിംപിക് അസോസിയേഷൻ അധ്യക്ഷയായ പി ടി ഉഷയ്ക്ക് അപ്രതീക്ഷിത തോൽവി നേരിട്ടിരുന്നു. ജനറൽ കൗൺസിലിലെ സ്പോർട്സ് പേഴ്സൺ ഓഫ് ഔട്ട്സ്റ്റാൻഡിങ് മെറിറ്റ്(എസ്ഒഎം) വിഭാഗം വനിതാ താരങ്ങളുടെ തെരഞ്ഞെടുപ്പിലാണ് പി ടി ഉഷ പരാജയപ്പെട്ടത്.
ഒളിംപ്യൻ അഞ്ജു ബോബി ജോർജ്, റാണി രാംപാൽ, ഡോള ബാനർജി, സൈന നെഹ്‍വാൾ എന്നിവരാണ് ഈ വിഭാഗത്തിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ടത്. ഇതോടെ പി ടി ഉഷയ്ക്ക് ജനറൽ കൗൺസിലിലേക്ക് എത്താനുള്ള സാധ്യതകൾക്ക് തിരിച്ചടിയേറ്റത്. ഇതിനുപിന്നാലെയാണ് നാടകീയ നീക്കത്തിലൂടെ ഐസ് ഹോക്കി അസോസിയേഷന്റെ പ്രതിനിധിയായി പി ടി ഉഷയെ ജനറൽ കൗൺസിലിലേക്ക് നാമനിർദേശം ചെയ്തത്. പ്രതിനിധി തെരഞ്ഞെടുപ്പിൽ താൻ പരാജയപ്പെടാൻ കാരണം ബാഹ്യശക്തികളുടെ സമ്മർദവും കൃത്രിമവുമാണെന്ന് കാണിച്ച് പി ടി ഉഷ ഐഒസിക്കു പരാതി നൽകിയിരുന്നു


