ഫെയര്‍നെസ് ക്രീം ഉപയോഗിച്ചതിനെത്തുടര്‍ന്ന് തനിക്ക് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടായതായി ഗായകന് സലീം കോടത്തൂരിന്റെ സുഹൃത്ത് ഷുഹൈബ്. സലീമിന് അനുഭവപ്പെട്ട അതേ രോഗാവസ്ഥ തന്നെയാണ് തനിക്കും ഉണ്ടായതെന്ന് ഷുഹൈബ് വ്യക്തമാക്കി.
കണ്ണില്‍ നീര്, ഉറക്കമില്ലായ്മ, മൂത്രത്തിലൂടെ പ്രോട്ടീന്‍ നഷ്ടപ്പെടുക എന്നിവയായിരുന്നു ലക്ഷണങ്ങള്‍. ലക്ഷണങ്ങള്‍ കണ്ടതോടെ ക്രീം ഉപയോഗിച്ചതാകും രോഗാവസ്ഥയ്ക്ക് കാരണമെന്ന് സലീം കോടത്തൂര്‍ തന്നെയാണ് ഷുഹൈബിനോട് പറഞ്ഞത്. തുടര്‍ന്ന് ക്രീം അടക്കം ഡോക്ടറെ കാണിച്ചപ്പോഴാണ് അതിന്റെ ഉപയോഗം മൂലമാണ് രോഗം ബാധിച്ചതെന്ന് വ്യക്തമായത്.
താന്‍ ചതിക്കപ്പെട്ടുവെന്ന് ഷുഹൈബ് പറഞ്ഞു. ക്രീം പുരട്ടുന്നതിലൂടെ എങ്ങനെയാണ് വൃക്കയ്ക്ക് പ്രശ്നങ്ങള്‍ ഉണ്ടാകുന്നതെന്ന് പലരും സംശയം പ്രകടിപ്പിക്കുന്നുണ്ട്. ഇപ്പോഴും ഇത്തരം ക്രീമുകള്‍ വില്‍പ്പന നടത്താന്‍ ശ്രമിക്കുന്നവര്‍ നിലവിലുണ്ടെന്നും ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരം മാത്രം ക്രീമുകള്‍ ഉപയോഗിക്കണമെന്നും ഷുഹൈബ് മുന്നറിയിപ്പ് നല്കി.


