കൊച്ചി: ഇന്ത്യയിൽ, ഒരു കുറ്റാരോപിതനെ പോലീസ് തടഞ്ഞുവെയ്ക്കുന്ന സമയം മുതല്‍ അവരുടെ കസ്റ്റഡി സമയം ആരംഭിക്കുമെന്ന് കേരള ഹൈക്കോടതി. ഇന്ത്യൻ നിയമവ്യവസ്ഥയുടെ ഒരു നിർണായക വശമാണിത്, നടപടിക്രമങ്ങളുടെ ഭാഗമായി പൊലീസ് അറസ്റ്റ് രേഖപ്പെടുത്തുന്ന സമയം മുതലല്ല കസ്റ്റഡി ആരംഭിക്കുന്നതെന്നും ഹൈക്കോടതി വ്യക്തമാക്കി.
അറസ്റ്റ് ചെയ്യപ്പെട്ട ആരെയും 24 മണിക്കൂറിനുള്ളിൽ മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കണമെന്നുമുള്ള നിര്‍ദ്ദേശത്തിലാണ് ഹൈക്കോടതി വ്യക്തത വരുത്തിയത്. ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസ് അധ്യക്ഷനായ സിംഗിള്‍ ബെഞ്ചിന്റേതാണ് നടപടി. പൊലീസ് കസ്റ്റഡിയിലെടുക്കുന്ന നിമിഷം മുതല്‍ അറസ്റ്റ് കണക്കാക്കിയില്ലെങ്കില്‍ പ്രതിയുടെ മൗലികാവകാശം ലംഘിക്കപ്പെടുമെന്ന അമികസ് ക്യൂറിയുടെ നിലപാട് അംഗീകരിച്ചാണ് ഹൈക്കോടതിയുടെ ഈ നടപടി.
അറസ്റ്റിനു ശേഷമുള്ള ആദ്യത്തെ 24 മണിക്കൂർ നിർണായകമാണ്. അന്വേഷണത്തിന് പോലീസിന് കൂടുതൽ സമയം ആവശ്യമുണ്ടെങ്കിൽ, പ്രതിയെ ഒരു മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കണം, തുടർന്ന് മജിസ്‌ട്രേറ്റിന് കൂടുതൽ തടങ്കലിൽ വയ്ക്കാൻ അനുമതി നൽകാമെന്നും ഹൈക്കോടതി പറഞ്ഞു. പ്രാരംഭ തടങ്കൽ കാലയളവ് (സാധാരണയായി 15 ദിവസം) പോലീസ് കസ്റ്റഡിയിലാകാം, എന്നാൽ അതിനുശേഷം കൂടുതൽ തടങ്കൽ സാധാരണയായി ജുഡീഷ്യൽ കസ്റ്റഡിയിലാണെന്നും (ജയിൽ) കോടതി വ്യക്തമാക്കി.

