2025ലെ ബാലണ്‍ ഡി ഓർ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. ഇത്തവണ ലോക ഫുട്ബോളിലെ മികച്ച പുരുഷ താരമായത് പിഎസ്ജിയുടെ ഫ്രഞ്ച് സ്ട്രെെക്കർ ഉസ്മാനെ ഡെംബലെയാണ്.
ബാഴ്സലോണയുടെ സ്പാനിഷ് താരവും യുവ ഹീറോയുമായ ലാമിൻ യമാലില്‍ നിന്ന് ശക്തമായ പോരാട്ടമുണ്ടായെങ്കിലും ഇതിനെ മറികടന്ന് ഫുട്ബോളിലെ അമൂല്യ നേട്ടങ്ങളിലൊന്നായ ബാലണ്‍ ഡി ഓറിലെ മികച്ച താരമായി ഡെംബലെ മാറുകയായിരുന്നു.
കഴിഞ്ഞ വർഷം പിഎസ്ജിക്കൊപ്പം നടത്തിയ തകർപ്പൻ പ്രകടനമാണ് ഡെംബലെയെ പുരസ്കാര നിറവിലേക്കെത്തിച്ചത്. പിഎസ്ജിക്കായി 53 മത്സരത്തില്‍ നിന്ന് 35 ഗോളും 16 അസിസ്റ്റുകളുമാണ് ഡെംബലെ നേടിയത്. പിഎസ്ജിയെ ചരിത്രത്തില്‍ ആദ്യമായി ചാമ്പ്യൻസ് ലീഗ് കിരീടത്തിലേക്കെത്തിക്കുന്നതില്‍ നിർണ്ണായക പങ്ക് വഹിക്കാൻ ഡെംബലെക്കായിരുന്നു. ഇതോടൊപ്പം കഴിഞ്ഞ ഫ്രഞ്ച് ലീഗിലും ഫ്രഞ്ച് കപ്പിലും പിഎസ്ജി ചാമ്പ്യന്മാരായിരുന്നു. ഇതിലും നിർണ്ണായക പങ്ക് വഹിക്കാൻ ഡെംബലെക്ക് സാധിച്ചു.
ബാലണ്‍ ഡി ഓർ നേടുന്ന ആറാമത്തെ ഫ്രഞ്ച് താരമാണ് ഡെംബലെ. റെയ്മണ്ട് കോപ്പ, മിഷേല്‍ പ്ലാറ്റിനി, ജീൻ പിയറി പാപിൻ, സിനദിൻ സിദാൻ, കരിം ബെൻസേമ എന്നിവരെല്ലാം ഉള്‍പ്പെടുന്ന ഫ്രാൻസ് താരങ്ങളുടെ പട്ടികയിലേക്കാണ് ഇപ്പോള്‍ ഡെംബലെ പേര് ചേർത്തിരിക്കുന്നത്. മുൻ ബാലണ്‍ ഡി ഓർ ജേതാവും ബ്രസീല്‍ ഇതിഹാസവുമായ റൊണാള്‍ഡീഞ്ഞോയാണ് 28കാരനായ ഡെംബലെക്ക് പുരസ്കാരം സമ്മാനിച്ചത്.
അതേ സമയം മികച്ച വനിതാ താരത്തിനുള്ള പുരസ്കാരം ബാഴ്സലോണയുടെ ഐറ്റാന ബോണ്‍മാറ്റിയാണ് നേടിയത്. തുടർച്ചയായ മൂന്നാം വർഷമാണ് ബോണ്‍മാറ്റി മികച്ച വനിതാ താരമാകുന്നത് എന്നതാണ് എടുത്തു പറയേണ്ടത്. തുടർച്ചയായി മൂന്ന് തവണ ബാലണ്‍ ഡി ഓർ നേടുന്ന താരമെന്ന റെക്കോഡില്‍ ലയണല്‍ മെസിക്കും മിഷേല്‍ പ്ലാറ്റിനിക്കുമൊപ്പമെത്താനും ബോണ്‍മാറ്റിക്ക് സാധിച്ചിരിക്കുകയാണ്.
മികച്ച യുവതാരത്തിനുള്ള പുരസ്കാരം തുടർച്ചയായ രണ്ടാം വർഷവും ബാഴ്സലോണയുടെ സ്പാനിഷ് താരമായ ലാമിൻ യമാല്‍ സ്വന്തമാക്കി. ബാഴ്സലോണയുടെ വിക്കി ലോപ്പസാണ് മികച്ച വനിതാ യുവതാരം. ഫിറ റാങ്കിങ്ങില്‍ ആദ്യ നൂറിലുള്ള രാജ്യങ്ങളിലെ തിരഞ്ഞെടുക്കപ്പെട്ട നൂറ് മാധ്യമ പ്രവർത്തകർ ചേർന്ന് വോട്ടെടുപ്പിലൂടെയാണ് ബാലണ്‍ ഡി ഓർ ജേതാവിനെ തിരഞ്ഞെടുക്കുന്നത്. എന്തായാലും അർഹിച്ച കെെകളില്ത്തന്നെ പുരസ്കാരമെത്തിയതിനാല് ഇത്തവണ വലിയ വിവാദങ്ങളില്ല.
ബാലണ്‍ ഡി ഓർ പുരുഷ പുരസ്കാരങ്ങള്‍ ഇങ്ങനെമികച്ച പുരുഷ താരം- ഉസ്മാനെ ഡെംബലെ (പിഎസ്ജി)
മികച്ച അണ്ടർ 21 പുരുഷ താരം – ലാമിൻ യമാല്‍ (ബാഴ്സലോണ)
മികച്ച പുരുഷ ഗോള്‍കീപ്പർ – ജിയാൻലൂജി ഡോണറുമ്മ (പിഎസ്ജി)
മികച്ച പുരുഷ പരിശീലകൻ- ലൂയിസ് എൻറിക് (പിഎസ്ജി)
മികച്ച പുരുഷ ക്ലബ്ബ് – പിഎസ്ജി
ജെറാഡ് മുള്ളർ ട്രോഫി (ടോപ് സ്കോറർ)- വിക്ടർ ഗ്യോകറസ്
ബാലണ്‍ ഡി ഓർ വനിതാ പുരസ്കാരങ്ങള്‍ ഇങ്ങനെമികച്ച വനിതാ താരം – ഐറ്റാന ബോണ്‍മാറ്റി (ബാഴ്സലോണ)
മികച്ച അണ്ടർ 21 വനിതാ താരം – വിക്ക് ലോപ്പസ് ( ബാഴ്സലോണ)
മികച്ച വനിതാ ഗോള്‍കീപ്പർ – ഹന്നാ ഹാംടണ്‍ (ഇംഗ്ലണ്ട്, ആഴ്സണല്‍)
മികച്ച വനിതാ പരിശീലക- സെറീന വീഗ് മാൻ
മികച്ച ക്ലബ്ബ്- ആഴ്സണല്‍
ജെറാഡ് മുള്ളർ ട്രോഫി (ടോപ് സ്കോറർ)- ഇവാ പാജർ (ബാഴ്സലോണ).


