Headlines

കോട്ടയത്ത് പത്താംക്ലാസ് വിദ്യാര്‍ഥിയെ ഭീഷണിപ്പെടുത്തി 24 ലക്ഷം രൂപയുടെ സ്വര്‍ണം കവര്‍ന്നു; മൂന്ന് കൗമാരക്കാര്‍ അറസ്റ്റില്‍

കോട്ടയം: പാമ്പാടിയില്‍ വിദ്യാര്‍ഥിയെ ഭീഷണിപ്പെടുത്തി 24 ലക്ഷം രൂപയുടെ സ്വര്‍ണം കവര്‍ന്ന കേസില്‍ പ്രതികളായ മൂന്ന് കൗമാരക്കാര്‍ അറസ്റ്റില്‍. മാതാപിതാക്കളേയും സഹോദരിയേയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയാണ് പ്രതികള്‍ സ്വര്‍ണം കവര്‍ന്നത്. പാമ്പാടി സ്വദേശികളായ അന്‍സല്‍ മുഹമ്മദ് (18), നിധിന്‍ നിഷാദ് (18), ഷെബിന്‍ എബ്രഹാം (19) എന്നിവരാണ് അറസ്റ്റിലായത്. പാമ്പാടിയിലെ ഒരു സ്വകാര്യ സ്‌കൂളിലെ പത്താംക്ലാസ് വിദ്യാര്‍ഥിയാണ് തട്ടിപ്പിനിരയായത്. വിദ്യാര്‍ഥിയെ ഭീഷണിപ്പെടുത്തി മാര്‍ച്ച് മുതല്‍ 10 മാസംകൊണ്ടാണ് പ്രതികള്‍ ഇത്രയധികം സ്വര്‍ണം തട്ടിയെടുത്തത്. വിദ്യാര്‍ഥി പഠിക്കുന്ന സ്‌കൂളിലെ പൂര്‍വവിദ്യാര്‍ഥികളായിരുന്നു പ്രതികള്‍. ഇതുവഴി സൗഹൃദം സ്ഥാപിച്ചശേഷമാണ് ഭീഷണി തുടങ്ങിയത്. അമ്മയേയും സഹോദരിയേയും വാഹനമിടിച്ച് കൊലപ്പെടുത്തും എന്നുപറഞ്ഞാണ് പ്രതികള്‍ വിദ്യാര്‍ഥിയെ ഭീഷണിപ്പെടുത്തിയിരുന്നത്. ഈയടുത്ത് വീട്ടിലൊരു മരണം നടന്ന സമയത്ത് നടത്തിയ പരിശോധനയിലാണ് വീട്ടില്‍ നിന്നും ഇത്രയധികം സ്വര്‍ണം നഷ്ടപ്പെട്ടിട്ടുള്ളതായി വിദ്യാര്‍ഥിയുടെ മാതാപിതാക്കള്‍ മനസിലാക്കിയത്. പിന്നാലെ പത്താംക്ലാസുകാരന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് അടക്കം പരിശോധിച്ച് വന്നപ്പോഴാണ് ഇത്തരത്തില്‍ പ്രതികള്‍ കുട്ടിയെ ഭീഷണിപ്പെടുത്തുന്നത് ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ വീട്ടുകാര്‍ മനസിലാക്കിയത്. കഴിഞ്ഞ ദിവസവും പ്രതികള്‍ കുട്ടിയെ ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെട്ടിരുന്നു. അവന്റെ ഇലക്ട്രിക് സ്‌കൂട്ടര്‍ വിറ്റ് പണം നല്‍കണം എന്നായിരുന്നു ആവശ്യം. കുട്ടി ഇക്കാര്യമടക്കം മാതാപിതാക്കളോട് തുറന്ന് പറഞ്ഞതിന് പിന്നാലെ അവര്‍ പാമ്പാടി പോലിസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് കൗമാരക്കാരായ മൂന്ന് പ്രതികളെയും പോലിസ് അറസ്റ്റുചെയ്തത്. എസ്ഐ ജോജന്‍ ജോര്‍ജിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ അറസ്റ്റുചെയ്തത്. പത്താക്ലാസുകാരനെ ഭീഷണിപ്പെടുത്തിയതായും സ്വര്‍ണം കൈവശപ്പെടുത്തിയതായും മൂന്ന് പ്രതികളും സമ്മതിച്ചതായി പോലിസ് അറിയിച്ചു. ഈ സ്വര്‍ണം വില്‍ക്കുകയായിരുന്നോ, മറ്റെന്തെങ്കിലും രീതിരിയില്‍ ചെലവാക്കുകയായിരുന്നോ എന്നത് സംബന്ധിച്ച് അന്വേഷണം പുരോഗമിക്കുകയാണ്. മൂന്ന് പ്രതികളേയും റിമാന്‍ഡ് ചെയ്തു.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: