പാലക്കാട്: നെന്മാറയിൽ തൊഴുത്തിലെ സിമന്റ് കട്ട കൊണ്ടു നിർമിച്ച തൂൺ ദേഹത്തേക്ക് വീണ് ക്ഷീര കർഷകൻ മരിച്ചു. കയറാടി, മരുതുഞ്ചേരി മുഹ്സിൻ മൻസിലിൽ മീരാൻ സാഹിബ് (71) ആണ് മരിച്ചത്. പശുവിനെ കറക്കാനായി തൊഴുത്തിൽ എത്തിയപ്പോഴായിരുന്നു സംഭവം. കാറ്റിൽ മറിഞ്ഞ മേൽക്കൂരയിലെ പ്ലാസ്റ്റിക് ഷീറ്റ് വലിച്ചുകെട്ടാൻ ശ്രമിക്കുന്നതിനിടെയാണ് തൊഴുത്തിലുണ്ടായിരുന്ന സിമന്റ് തൂൺ ഇദ്ദേഹത്തിന്റെ ദേഹത്തേക്ക് മറിഞ്ഞുവീണത്. തിങ്കളാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു അപകടം.
അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ മീരാൻ സാഹിബിനെ വീട്ടുകാരും സമീപവാസികളും ചേർന്ന് ഉടൻ തന്നെ നെന്മാറയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരണം സംഭവിച്ചതായി ഡോക്ടർമാർ സ്ഥിരീകരിച്ചു. പോസ്റ്റ്മോർട്ടത്തിനായി മൃതശരീരം ജില്ലാ ആശുപത്രിയിലേക്കു മാറ്റിയിട്ടുണ്ട്. ക്ഷീരോൽപാദക സംഘത്തിലെ മുൻ ജീവനക്കാരനാണ് മരിച്ച മീരാൻ സാഹിബ്. ഭാര്യ: മുംതാജ്. മക്കൾ: മുഹ്സിൻ, മുത്തഹസ്സിൻ (ബിഎച്ച്ഇഎൽ ബെംഗളൂരു), മുഹ്സിന. മരുമക്കൾ: തസ്നി (ദുബായ്), ഷംന, അഷറഫ്( ദുബായ്) . പരേതരായ മൊയ്തീൻകുട്ടി, ആമിന ദമ്പതികളുടെ മകനാണ്.


