ഡൽഹി: ലൈംഗികാതിക്രമക്കേസിൽ അറസ്റ്റിലായ സ്വാമി ചൈതന്യാനന്ദ സരസ്വതി ചുമതലക്കാരനായിരുന്ന ശ്രീ ശാർദ ഇൻസ്റ്റിറ്റ്യൂട്ടിൽ വീണ്ടും തെളിവെടുപ്പ് നടത്തി ഉദ്യോഗസ്ഥർ. ചൈതന്യാനന്ദയ്‌ക്കൊപ്പം പിടിയിലായ മറ്റ് രണ്ട വനിതാ കൂട്ടാളികളെയും സ്ഥാപനത്തിൽ എത്തിച്ച് തെളിവെടുപ്പ് നടത്തി. ഇവർ ഈ സ്ഥാപനത്തിൽ മുൻപ് ജോലി ചെയ്തിരുന്നവരെന്നാണ് വിവരം. സ്ഥാപനത്തിൽ നടന്ന പരിശോധനയിൽ നിരവധി സിഡികൾ പിടികൂടിയിട്ടുണ്ട്. മാത്രമല്ല പ്രധാനമന്ത്രി നരേന്ദ്രമോദിയോടൊപ്പവും മുൻ അമേരിക്കൻ പ്രസിഡന്റ് ബരാക് ഒബാമഇക്കൊപ്പവും, സ്വാമി ചൈതന്യാനന്ദ സരസ്വതി നിൽക്കുന്ന വ്യാജ ഫോട്ടോകളും പിടികൂടി. ചൈതന്യാനന്ദ ഒളിവിൽ കഴിഞ്ഞിരുന്ന ഭാഗേശ്വർ അൽമോറ എന്നിവിടങ്ങളിലും അന്വേഷണ സംഘം പരിശോധന നടത്തി.
കേസുമായി ബന്ധപ്പെട്ടുള്ള നിർണ്ണായക വിവരങ്ങൾ ചൈതന്യനന്ദയുടെ നിന്നും കണ്ടെത്തിയിരുന്നു. ആശ്രമത്തിലെ വിദ്യാർഥിനികൾ ഉൾപ്പെടെയുള്ള യുവതികളുടെ സോഷ്യൽ മീഡിയ പ്രൊഫൈൽ ചിത്രങ്ങളുടെ സ്ക്രീൻഷോട്ടുകൾ ഇയാളുടെ ഫോണിൽ സൂക്ഷിച്ചിരുന്നതായാണ് ഫോൺ പരിശോധിച്ച പൊലീസ് കണ്ടെത്തിയത്. ശ്രീ ശാർദ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യൻ മാനേജ്മെന്റിലെ ഡയറക്ടർ ആയിരുന്ന സമയത്ത് നിരവധി പെൺകുട്ടികളെ ഇയാൾ ലൈംഗികാതിക്രമത്തിന് ഇരയാക്കിയെന്നാണ് പരാതി. 17 പെൺകുട്ടികൾ ഇയാൾക്കെതിരെ മൊഴി നൽകിയിട്ടുണ്ട്. ആശ്രമത്തിലെ വിദ്യാർത്ഥിനികളെ ഭീഷണിപ്പെടുത്തി രാത്രികാലങ്ങളിൽ തന്റെ മുറിയിലേക്ക് വിളിച്ചുവരുത്താനും വിദേശയാത്രകൾക്ക് നിർബന്ധിക്കാനും ഇയാൾ ശ്രമിച്ചിരുന്നതായാണ് പോലീസിന്റെ എഫ്.ഐ.ആറിൽ പറയുന്നു. വനിതാ ഹോസ്റ്റലിൽ രഹസ്യ കാമറകൾ സ്ഥാപിച്ചതായും സിസിടിവി ദൃശ്യങ്ങൾ മൊബൈൽ വഴി നിരീക്ഷിച്ചിരുന്നതായും അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. നിലവിൽ, ഇയാളെ പോലീസ് കസ്റ്റഡിയിൽ ചോദ്യം ചെയ്തുവരികയാണ്. ദിവസങ്ങൾ നീണ്ട തിരച്ചിലിനൊടുവിൽ കഴിഞ്ഞ ദിവസമാണ് ആഗ്രയിൽ നിന്ന് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത്.
2009 -10 കാലത്താണ് ചൈതന്യാനന്ദ ഡൽഹി വസന്ത് കുഞ്ചിലെ ശ്രീശാരദാ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ചുമതലക്കാരനായത്. ഇവിടെ മാനേജ്മെന്റ് പിജി ഡിപ്ലോമ കോഴ്സിന് പഠിക്കുന്ന 17 വിദ്യാർഥിനികളാണ് ഇയാൾക്കെതിരെ ലൈംഗികാതിക്രമത്തിന് പരാതി നൽകിയിരിക്കുന്നത്. ഇയാളുടെ വാട്സാപ്പ് മെസേജുകൾ പെൺകുട്ടികളുടെ മൊബൈൽ ഫോണുകളിൽ നിന്ന് ഡിലീറ്റ് ചെയ്യാൻ ഉൾപ്പെടെ ഒത്താശ ചെയ്ത രണ്ട് വനിതാ കൂട്ടാളികളെയുമാണ് അന്വേഷണ ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്തിരിക്കുന്നത്.
അതേസമയം, ഇന്നലെ സ്വാമി ചൈതന്യാനന്ദ സരസ്വതി വിദ്യാർഥിനികളുമായി നടത്തിയ ചാറ്റുകൾ പുറത്ത് വന്നിരുന്നു. ഒരു ദുബായ് ഷെയ്ഖിന് ലൈംഗിക പങ്കാളിയെ വേണമെന്നും താൽപര്യമുള്ള സുഹൃത്ത് ഉണ്ടോയെന്നും ചൈതന്യാനന്ദ ചോദിക്കുന്ന ചാറ്റ് ഉൾപ്പെടെയാണ് പുറത്തുവന്നത്. ചാറ്റുകൾ ഇങ്ങനെ…
ചൈതന്യാനന്ദ: ഒരു ദുബായ് ഷെയ്ഖിന് ലൈംഗിക പങ്കാളിയെ വേണം, നിനക്ക് നല്ല സുഹൃത്തുക്കൾ ആരെങ്കിലും ഉണ്ടോ ?
ഇര: ആരുമില്ല
ചൈതന്യാനന്ദ: അത് എങ്ങനെ സാധ്യമാക്കും
ഇര: എനിക്കറിയില്ല
ചൈതന്യാനന്ദ: നിന്റെ ഏതെങ്കിലും സഹപാഠിയോ ജൂനിയറോ ഉണ്ടോ ?
‘സ്വീറ്റി ബേബി, ഡോട്ടർ ഡോൾ’ എന്നാണ് മറ്റൊരു ചാറ്റിൽ ചൈതന്യാനന്ദ ഒരു പെൺകുട്ടിയെ വിളിക്കുന്നത്. ഇത്തരം പദങ്ങൾ പല ചാറ്റുകളിലും ഇയാൾ ആവർത്തിച്ച് ഉപയോഗിച്ചിരുന്നു. രാത്രി വൈകിയാണ് കൂടുതൽ ചാറ്റുകളും നടത്തിയിരുന്നത്.
ചൈതന്യാനന്ദ: ബേബി (7:49 PM)
ബേബി, നീ എവിടെയാണ് ? (11:59 PM)
ഗുഡ് മോർണിങ് ബേബി (12:40 PM)
എന്തിനാണ് നീ എന്നോട് ദേഷ്യപ്പെടുന്നത് ? (12:41 PM)
എന്റെ ഏറ്റവും പ്രിയപ്പെട്ട ബേബി ഡോട്ടറിന് ഗുഡ്നൈറ്റ് എന്നാണ് മറ്റൊരു ചാറ്റ്. വേറൊരു സംഭാഷണത്തിൽ, ഡിസ്കോ ഡാൻസ് ചെയ്യുന്നതിനെക്കുറിച്ച് തമാശ പറയുകയും ഇര തന്നോടൊപ്പം ചേരാൻ ആഗ്രഹിക്കുന്നുണ്ടോ എന്ന് ചോദിക്കുകയും ചെയ്യുന്നു. നീ എന്നോടൊപ്പം ഉറങ്ങില്ലേ എന്നാണ് വേറൊരു ചാറ്റിൽ ചൈതന്യാനന്ദ വിദ്യാർഥിനിയോട് ചോദിക്കുന്നത്.


