തിരുവനന്തപുരം: കരുംകുളത്ത് വീട്ടിൽ കയറി മോഷണം നടത്തിയ പ്രതി പിടിയിൽ. പുല്ലുവിള സ്വദേശി വർഗീസ് ക്രിസ്റ്റിയാണ് (29) അറസ്റ്റിലായത്. ഒരു മാസത്തിന് ശേഷമാണ് പ്രതി പിടിയിലായത്. രാത്രിയിൽ എത്തി വീടിന്റെ പൂട്ടുതകർത്ത് അകത്തുകയറി സ്വർണാഭരണങ്ങൾ കവർന്ന് കടന്നു കളയുകയായിരിക്കുന്നു. 13 ലക്ഷം രൂപ വിലവരുന്ന 164 ഗ്രാം സ്വർണ്ണാഭരണങ്ങൾ ആണ് പ്രതി കവർന്നത്. വീട്ടിൽ ആരുമില്ലാതിരുന്ന സമയത്തായിരുന്നു കവർച്ച. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിരുന്നു.
ഇയാൾക്കെതിരെ 11ഓളം കേസുകൾ നിലവിലുണ്ടെന്ന് പൊലീസ് പറഞ്ഞു. സെപ്റ്റംബർ നാലിന് രാത്രി ഒന്നേകാലോടെ കരുംകുളം കൊച്ചുപള്ളിയിലെ ഒരു വീട്ടിലായിരുന്നു മോഷണം നടത്തിയത്. വീടിന്റെ മുൻ വാതിലിന്റെ പൂട്ട് തകർത്ത് അകത്തുകടന്ന ഇയാൾ അലമാരയിൽ സൂക്ഷിച്ചിരുന്ന മൂന്ന് മാല, ആറ് വള, മൂന്ന് ബ്രേസ്ലറ്റ്, മൂന്ന് കൊലുസ്, ഒരു നെക്ലസ്, ആറ് മോതിരം, അഞ്ച് കമ്മൽ എന്നിങ്ങനെ വിവിധ തൂക്കത്തിലുള്ള സ്വർണാഭരണങ്ങളാണ് കവർന്നത്.
സംഭവത്തെ തുടർന്ന് വീട്ടുകാർ പൊലീസിൽ പരാതി നൽകി. കവർച്ചയ്ക്ക് ശേഷം മുങ്ങിയ ഇയാളെ നെയ്യാറ്റിൻകര ഡിവൈ.എസ്.പി ചന്ദ്രദാസ്, കാഞ്ഞിരംകുളം എസ്.എച്ച്.ഒ രതീഷ്, ബിനു, സജീഷ് കുമാർ എന്നിവരുൾപ്പെട്ട സംഘം നടത്തിയ അന്വേഷത്തിലാണ് പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.


