Headlines

സമാധാനത്തിനുള്ള നോബൽ സമ്മാനം ട്രംപിനെ കൈവിട്ടു ;പുരസ്കാരം ലഭിച്ചത് മരിയ കൊറീന മചാടൊക്ക്

ഓസ്‌ലോ : 2025ലെ സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരം പ്രഖ്യാപിച്ചു. വെനസ്വേലയിലെ ജനാധിപത്യ-മനുഷ്യാവകാശ പ്രവര്‍ത്തക മരിയ കൊറീന മചാഡോയ്ക്കാണ് പുരസ്‌കാരം. ജനാധിപത്യ അവകാശങ്ങള്‍ക്കു വേണ്ടിയുള്ള സമാധാനപൂര്‍വമായ പോരാട്ടത്തിനാണ് അംഗീകാരം. വെനസ്വേലയിലെ പ്രതിപക്ഷ നേതാവായ മരിയ വ്യവസായ എന്‍ജിനീയര്‍ കൂടിയാണ്. 2011 മുതല്‍ 2014 വരെ വെനസ്വേലയിലെ ദേശീയ അസംബ്ലിയിലെ തിരഞ്ഞെടുക്കപ്പെട്ട അംഗമായി സേവനമനുഷ്ഠിച്ചു.

‘വെനസ്വേലയിലെ ജനങ്ങളുടെ ജനാധിപത്യ അവകാശങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനുള്ള അവരുടെ അക്ഷീണ പ്രയത്നത്തിനും സ്വേച്ഛാധിപത്യത്തില്‍ നിന്ന് ജനാധിപത്യത്തിലേക്ക് നീതിയുക്തവും സമാധാനപരവുമായ മാറ്റം കൈവരിക്കുന്നതിനുള്ള മരിയക്ക് പുരസ്‌കാരം നല്‍കുന്നത്’-നൊബേല്‍ കമ്മിറ്റി പ്രസ്താവനയില്‍ പറഞ്ഞു. വളര്‍ന്നുവരുന്ന ഇരുട്ടിനിടയില്‍ ജനാധിപത്യത്തിന്റെ ദീപശിഖ അണയാതെ കാക്കുന്ന ധീരയും പ്രതിബദ്ധതയുമുള്ള സമാധാനത്തിന്റെ വക്താവിനാണ് 2025-ലെ പുരസ്‌കാരമെന്നും കമ്മിറ്റി വ്യക്തമാക്കി.

യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ നൊബേല്‍ കമ്മിറ്റി അവാര്‍ഡിന് പരിഗണിച്ചില്ല. അന്താരാഷ്ട്ര തലത്തിലെ ഏഴ് യുദ്ധങ്ങള്‍ താന്‍ ഇടപെട്ട് നിര്‍ത്തിയെന്നും അതിന് സമാധാനത്തിനുള്ള നൊബേല്‍ തനിക്ക് നല്‍കണമെന്നും ട്രംപ് ആവശ്യപ്പെട്ടിരുന്നു. സമാധാന നൊബേലിന് തനിക്കുള്ളത്രയും അര്‍ഹത മറ്റാര്‍ക്കുമില്ലെന്ന അവകാവാദവും ട്രംപ് ആവര്‍ത്തിച്ചു പറഞ്ഞിരുന്നു.

സമാധാന നൊബേല്‍ ലഭിക്കുന്ന 20-ാമത്തെ വനിത കൂടിയാണ് മരിയ. വെനസ്വേലയുടെ ഉരുക്കു വനിതയായാണ് അവര്‍ അറിയപ്പെടുന്നത്. മാധ്യമ പ്രവര്‍ത്തകയായും മരിയ പ്രവര്‍ത്തിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം യൂറോപ്യന്‍ യൂണിയന്‍ തങ്ങളുടെ പരമോന്നത മനുഷ്യാവകാശ പുരസ്‌കാരം മരിയ കൊറീന മചാഡോയ്ക്കും വെനസ്വേലയിലെത്തന്നെ മറ്റൊരു പ്രതിപക്ഷ രാഷ്ട്രീയ പ്രവര്‍ത്തകനായ എഡ്മുണ്ടോ ഗോണ്‍സാലസ് ഉറുട്ടിയയ്ക്കും സമ്മാനിച്ചിരുന്നു.

നോര്‍വീജിയന്‍ നൊബേല്‍ കമ്മിറ്റിയാണ് സമാധാന നൊബേല്‍ സമ്മാനം പ്രഖ്യാപിച്ചത്. നോര്‍വേയിലെ ഓസ്ലോയില്‍ ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 2.30 നായിരുന്നു പ്രഖ്യാപനം. ഈ വര്‍ഷം 244 വ്യക്തികളും 94 സംഘടനകളും ഉള്‍പ്പെടെ ആകെ 338 നാമനിര്‍ദേശങ്ങളാണ് സമാധാന നൊബേലിനായി പരിഗണിച്ചത്. സമ്മാന ജേതാവിന് ഡോക്ടര്‍ ആല്‍ഫ്രഡ് നൊബേലിന്റെ ചിത്രം ആലേഖനം ചെയ്ത മെഡലും 11 മില്യണ്‍ സ്വീഡിഷ് ക്രോണും ലഭിക്കും.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: