ബി.എ പാസായില്ല, പക്ഷേ എം.എ നേടി; കാലടി സർവകലാശാലയിൽ വിചിത്ര സംഭവം

കൊച്ചി: ബിരുദ പരീക്ഷയിൽ പരാജയപ്പെട്ടിട്ടും ബിരുദാനന്തര ബിരുദം നേടി വിദ്യാർഥിനി. കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയുടെ തുറവൂർ പ്രാദേശിക കേന്ദ്രത്തിലാണ് പ്രവേശന നടപടികളിലെ അസാധാരണമായ വീഴ്ച പുറത്തായത്.

2014–17 കാലയളവിൽ തുറവൂർ കേന്ദ്രത്തിൽ ബി.എ സംസ്കൃത സാഹിത്യത്തിന് പഠിച്ച വിദ്യാർഥിനി കോഴ്സ് വിജയകരമായി പൂർത്തിയാക്കിയിരുന്നില്ല. എന്നാൽ ബിരുദം നേടാത്ത ഈ വിദ്യാർഥിനിക്ക് 2017ൽ അതേ കേന്ദ്രത്തിൽ എം.എയ്ക്ക് പ്രവേശനം ലഭിച്ചു. രണ്ട് വർഷത്തിന് ശേഷം, 2019ൽ എം.എ പരീക്ഷയും വിജയിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ പാസായ സർട്ടിഫിക്കറ്റും മാർക്ക് ലിസ്റ്റുകളും സർവകലാശാലയിൽനിന്ന് കൈപ്പറ്റുകയും ചെയ്തു.

എന്നാൽ എം.എ ഡിഗ്രി സർട്ടിഫിക്കറ്റ് വാങ്ങാനായി വിദ്യാർഥിനി സർവകലാശാലയിലെത്തിയപ്പോഴാണ് ബി.എ പരീക്ഷ പാസായിട്ടില്ലെന്ന കാര്യം പരീക്ഷാ വിഭാഗം തിരിച്ചറിഞ്ഞത്. ബിരുദ യോഗ്യതയില്ലാതെ എങ്ങനെയാണ് എം.എ പ്രവേശനം ലഭിച്ചതെന്ന ചോദ്യം ഇതോടെ ഉയർന്നു.

സംഭവവുമായി ബന്ധപ്പെട്ട മറ്റൊരു വിവരവും ഓഡിറ്റ് പരിശോധനയിൽ പുറത്തുവന്നിട്ടുണ്ട്. ഈ വർഷം സെപ്റ്റംബറിൽ വിദ്യാർഥിനി അഞ്ചാം സെമസ്റ്റർ വിഷയങ്ങളുടെ പുനർമൂല്യനിർണയത്തിന് അപേക്ഷ നൽകിയിരുന്നു. സർക്കാർ ഓഡിറ്റ് വിഭാഗത്തിന്റെ റിപ്പോർട്ടിലാണ് സംഭവത്തിന്റെ വിശദാംശങ്ങൾ രേഖപ്പെടുത്തിയിരിക്കുന്നത്.

ബി.എ ബിരുദം നേടാത്ത വിദ്യാർഥിനിക്ക് എം.എ പ്രവേശനം അനുവദിച്ചത് ഏത് ചട്ടത്തിന്റെയും മാനദണ്ഡത്തിന്റെയും അടിസ്ഥാനത്തിലാണെന്ന് വ്യക്തമാക്കണമെന്നാണ് ഓഡിറ്റ് വിഭാഗത്തിന്റെ നിർദേശം. സർവകലാശാലയുടെ പ്രവേശന നടപടികളെയും പരീക്ഷാ വിഭാഗത്തിന്റെ പരിശോധനാ സംവിധാനത്തെയും ചോദ്യം ചെയ്യുന്നതാണ് ഈ സംഭവം

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: