കോഴിക്കോട്: കോഴിക്കോട് നഗരം കേന്ദ്രീകരിച്ച് ലഹരി വിൽപ്പന നടത്തിവന്നിരുന്ന യുവാവ് പോലീസ് പിടിയിൽ. സംഭവത്തിൽ ഫ്രാൻസിസ് റോഡ് പരപ്പിൽ പിപി ഹൗസിൽ കെ.ടി. അഫാമാണ്(24) അറസ്റ്റിലായത്. പൊറോട്ട വിൽപ്പനയുടെ മറവിൽ നിരോധിത മാരക ലഹരിമരുന്നായ എംഡിഎംഎ കച്ചവടം നടത്തിയ സംഭവത്തിലാണ് പോലീസും ഡാൻസാഫ് സംഘവും യുവാവിനെ അറസ്റ്റ് ചെയ്തത്. വലിയ അളവിൽ പ്രതി ലഹരി വസ്തുക്കൾ കൈവശം വെച്ചതായും കച്ചവടം നടത്തിയിരുന്നതായുമാണ് വിവരം. യുവാവിന്റെ പക്കലുണ്ടായിരുന്ന ഒരു ലക്ഷത്തോളം രൂപ വിലവരുന്ന 30.27 ഗ്രാം എംഡിഎംഎയും, 1.65 ലക്ഷം രൂപയും, എംഡിഎംഎ ഉപയോഗിക്കുന്നതിന് ഉപയോഗിക്കുന്ന ഗ്ലാസ് പൈപ്പും പിടികൂടി.
ഫ്രാൻസിസ് റോഡിൽ പൊറോട്ട വാങ്ങാൻ എത്തുന്ന ആവശ്യക്കാരായ യുവാക്കൾക്ക് എംഡിഎംഎ കൈമാറി വരുന്നതായി രഹസ്യവിവരം ലഭിച്ചതിനെത്തുടർന്നാണ് ചൊവ്വാഴ്ച രാത്രി ഇയാളുടെ വീട്ടിൽ പരിശോധന നടത്തിയത്. പിടിയിലായ പ്രതിയെ പോലീസ് ചോദ്യം ചെയ്തുവരികയാണ്. എംഡിഎംഎ ഇയാൾക്ക് എവിടെനിന്നാണ് ലഭിച്ചിരുന്നത് എന്നതിനെ കുറിച്ചും ആർക്കൊക്കെയാണ് വിൽപന നടത്തിയത് എന്നതിനെകുറിച്ചുമാണ് പോലീസ് അന്വേഷിക്കുന്നത്.
കോഴിക്കോട് ടൗൺ സ്റ്റേഷൻ എസ്ഐ ജോസ് വി. ഡിക്രൂസ്, എസ്. കിരൺ, എഎസ്ഐമാരായ രാമചന്ദ്രൻ, എം.കെ.സജീവൻ, സി.പി.ടി.അജിത, എസ്സിപിഒ വി.കെ.ജിത്തു, ഡ്രൈവർ സിപിഒ എ.രഞ്ജിത്ത്, ഡാൻസാഫ് സ്ക്വാഡ് അംഗങ്ങളായ എസ്ഐ മനോജ്, എസ്ഐ അബ്ദുറഹ്മാൻ, എഎസ്ഐ അഖിലേഷ് എന്നിവർ തുടങ്ങിവർ ഉൾപ്പെട്ട സംഘമാണ് പരിശോധന നടത്തിയതും പ്രതിയെ അറസ്റ്റ് ചെയ്തതും.

