വയനാട്: വയനാട് മുൻ ഡിസിസി ട്രഷറർ എൻ എം വിജയനും മകനും ജീവനൊടുക്കിയ സംഭവത്തിൽ ആത്മഹത്യാ പ്രേരണക്കേസിൽ കുറ്റപത്രം സമർപ്പിച്ചു. ബത്തേരി കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. കേസിൽ ഐസി ബാലകൃഷ്ണൻ എംഎൽഎ ഒന്നാം പ്രതിയും. മുൻ ഡിസിസി പ്രസിഡൻറ് എൻഡി അപ്പച്ചൻ രണ്ടാം പ്രതിയുമാണ്. മുൻ കോൺഗ്രസ് നേതാവ് കെ കെ ഗോപിനാഥൻ, പി വി ബാലചന്ദ്രൻ എന്നിവരാണ് മൂന്നും നാലും പ്രതികൾ.
ബാങ്കിൽ ജോലി വാഗ്‌ദാനം ചെയ്ത് നടത്തിയ സാമ്പത്തിക ഇടപാടുകളെ തുടർന്നുണ്ടായ പ്രശ്നങ്ങളാണ് എൻഎം വിജയന്റെ ആത്മഹത്യയിലേക്ക് നയിച്ചതെന്ന് പോലീസ് പറഞ്ഞു. കടബാധ്യതയെതുടർന്ന് വിജയൻ ആത്മഹത്യയുടെ വക്കിലായിരുന്നെന്ന് പ്രതികൾ നേരത്തെ മനസ്സിലാക്കിയിരുന്നു. ബാലകൃഷ്ണനും എൻ ഡി അപ്പച്ചനുമുൾപ്പെടെയുള്ളവരാണ് മരണത്തിന് ഉത്തരവാദികൾ എന്നാണ് വിജയന്റെ ആത്മഹത്യാക്കുറിപ്പ്. വിജയനെയും മകനെയും പ്രതികളാണ് മരണത്തിലേക്ക് തള്ളിവിട്ടതാണെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ.കേസിൽ നേരത്തെ പ്രതികൾക്ക് മുൻകൂർ ജാമ്യം ലഭിച്ചിരുന്നു.
വിഷം കഴിച്ചു മരിക്കുന്നതിന് മുൻപ് മൂത്ത മകൻ വിജേഷിന് എഴുതിയ കത്തിൽ എൻ എം വിജയൻ സാമ്പത്തിക പ്രതിസന്ധിയുടെ ആഴം വ്യക്തമാക്കിയിരുന്നു. കെപിസിസി പ്രസിഡന്റ് കെ സുധാകരന് എഴുതിയ കത്തിലാണ് പാർട്ടി നേതാക്കളുടെ വഞ്ചയനയെപ്പറ്റി അദ്ദേഹം പറയുന്നത്. ഐ സി ബാലകൃഷ്ണനും എൻ ഡി അപ്പച്ചനും ആവശ്യപ്പെട്ടത് അനുസരിച്ചാണ് ബത്തേരി അർബൻ ബാങ്ക് നിയമനത്തിന് പണം വാങ്ങിയതെന്ന് കത്തിൽ പറയുന്നു. നിയമനത്തിന് പണം വാങ്ങിയത് എംഎൽഎ ആണെന്ന് ആരോപിക്കുന്ന കത്തിൽ, ഈ വിവരങ്ങളെല്ലാം കെപിസിസി നേതൃത്വത്തിന് അറിയാമെന്നും പറയുന്നുണ്ട്. ഡിസിസി പ്രസിഡന്റ സ്ഥാനം വഹിച്ചിരുന്ന മൂന്ന് നേതാക്കൾ പണം വീതിച്ചെടുത്തെന്നും ആരോപണമുണ്ട്. സമാന വിവരമുള്ള കത്തുകൾ രാഹുൽ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കും സ്വന്തം കൈപ്പടയിൽ എൻ എം വിജയൻ എഴുതി സൂക്ഷിച്ചിരുന്നു.
2024 ഡിസംബർ 24നാണ് വിജയനും മകനും വിഷംകഴിച്ചത്. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ 27ന് ഇരുവരും മരിച്ചു. ഇതിന് പിന്നാലെ പുറത്തുവന്ന എന്‍.എം. വിജയന്റെ ആത്മഹത്യാക്കുറിപ്പും അനുബന്ധ തെളിവുകളുമാണ് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് കുരുക്കായത്. ഐ.സി. ബാലകൃഷ്ണന്‍, എന്‍.ഡി. അപ്പച്ചന്‍, കെ.കെ. ഗോപിനാഥന്‍, പി.വി. ബാലചന്ദ്രന്‍ എന്നിവരുടെ പേരുകളടക്കം വിജയന്‍ കത്തില്‍ പരാമര്‍ശിച്ചിരുന്നു


