Headlines

ഓസ്ട്രേലിയൻ വനിതാ ക്രിക്കറ്റ് താരങ്ങൾക്കുനേരെ ലൈംഗികാതിക്രമശ്രമം നടത്തിയ യുവാവ് പൊലീസിന്റെ പിടിയിൽ

ഇൻഡോർ: ഓസ്ട്രേലിയൻ വനിതാ ക്രിക്കറ്റ് താരങ്ങൾക്കുനേരെ ലൈംഗികാതിക്രമശ്രമം നടത്തിയ യുവാവ് പൊലീസിന്റെ പിടിയിൽ. വെള്ളിയാഴ്ച രാത്രി വനിതാ ക്രിക്കറ്റ് താരങ്ങൾ ഇൻഡോറിലെ കഫെയിൽനിന്ന് ഹോട്ടലിലേക്ക് മടങ്ങിയെത്തുന്നതിനിടെയാണ് സംഭവം. അഖീൽ ഖാൻ എന്ന യുവാവിനെയാണ് എം.ഐ.ജി പൊലീസ് അറസ്റ്റ് ചെയ്തത്. ടീമിന്റെ സുരക്ഷ മാനേജർ സൈമൺ ഡാനിസിന്റെ പരാതിയെ തുടർന്നാണ് പൊലീസിന്റെ നടപടി.


ദക്ഷിണാഫ്രിക്കക്കെതിരായ അവസാന ഗ്രൂപ്പ് മത്സരത്തിനായി ഇൻഡോറിൽ എത്തിയിരുന്ന ഓസീസ് താരങ്ങൾ വിശ്രമ സമയത്ത് ഒരു കഫെയിൽ പോയി. ഹോട്ടലിലേക്ക് മടങ്ങുമ്പോൾ ബൈക്കിൽ പിന്തുടർന്ന് എത്തിയ പ്രതിയാണ് അപമര്യാദയായി പെരുമാറിയത്. താരങ്ങൾ ഉടൻ തന്നെ സുരക്ഷ മാനേജറെ വിവരം അറിയിച്ചതിനെ തുടർന്ന് പൊലീസ് ഇടപെടുകയായിരുന്നു.

അസി. പൊലീസ് കമീഷണർ ഹിമാനി മിശ്ര ഓസീസ് താരങ്ങളുമായി നേരിട്ട് കണ്ടു മൊഴിയെടുത്തു. പ്രതിയെ കണ്ടെത്താനായി അഞ്ചംഗ പ്രത്യേക പൊലീസ് സംഘം രൂപീകരിച്ചു. സ്ത്രീയുടെ അന്തസിന് ക്ഷതമേൽപ്പിക്കൽ, പിന്തുടരൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തി 74, 78 വകുപ്പുകൾ പ്രകാരമാണ് കേസ്. സംഭവസ്ഥലത്തെയും ഹോട്ടലിനെയും ചുറ്റിപ്പറ്റിയുള്ള സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചാണ് പ്രതിയുടെ ബൈക്ക് തിരിച്ചറിഞ്ഞത്. പിന്നാലെ അഖീൽ ഖാനെ പൊലീസ് പിടികൂടി.

സംഭവത്തിൽ സുരക്ഷാ വീഴ്ചയുണ്ടായതിൽ പൊലീസ് കമീഷണർ സന്തോഷ് സിങ് അതൃപ്തി രേഖപ്പെടുത്തി. ഹോട്ടൽ പരിസരത്ത് അധിക പൊലീസ് വിന്യസിച്ചു. ‘ഇന്ത്യയുടെ അതിഥിസൽക്കാര പാരമ്പര്യത്തിന് അപമാനമാണ് ഈ സംഭവം. പൊലീസ് അതിവേഗം പ്രവർത്തിച്ചതിൽ സന്തോഷം. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ നടപടിയെടുക്കണം’ – ബി.സി.സി.ഐ സെക്രട്ടറി ദേവജീത് സൈകിയ പ്രതികരിച്ചു. ‘ഒരു സ്ത്രീക്കും ഇത്തരമൊരു അനുഭവം നേരിടേണ്ടി വരരുത്. താരങ്ങൾക്കൊപ്പം ഞങ്ങൾ ഉണ്ടെന്ന് ഉറപ്പുനൽകുന്നു,’ – മധ്യപ്രദേശ് ക്രിക്കറ്റ് അസോസിയേഷൻ പത്രക്കുറിപ്പിൽ വ്യക്തമാക്കി

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: