തൃശൂർ: തൃശൂരിൽ ജിം ട്രെയിനറെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. മണി, കുമാരി ദമ്പതികളുടെ മകനായ മാധവ് (28) ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് മാതാപിതാക്കൾ മരിച്ച നിലയിൽ മകനെ മുറിയിൽ കണ്ടെത്തിയത്. തൃശൂർ വടക്കാഞ്ചേരിക്ക് സമീപം ഒന്നാംകല്ലിലാണ് സംഭവം. മകൻ അനക്കമില്ലാതെ കട്ടിലിൽ കിടക്കുകയായിരുന്നു.
തുടർന്ന് തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. ജിം ട്രെയ്‌നറായ മാധവ് ദിവസവും നാല് മണിക്ക് ഉണർന്ന് ജിമ്മിൽ പോകാറുണ്ടായിരുന്നു. ഇന്ന് നാലരയായിട്ടും എഴുന്നേറ്റില്ല. ഇതോടെ കുമാരി മകനെ വാതിലിൽ തട്ടിവിളിച്ചു. പ്രതികരണമില്ലെന്ന് കണ്ടതോടെ അയൽവാസിയുടെ സഹായത്തോടെ വാതിൽ തള്ളിത്തുറക്കുകയായിരുന്നു.
തുടന്ന് വിളിച്ചിട്ട് എഴുന്നേൽക്കാതെ വന്നതോടെയാണ് ആശുപത്രിയിലെത്തിച്ചത്. വീട്ടിൽ മാധവും അമ്മയും മാത്രമായിരുന്നു താമസം. തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടം നടത്തും. ഹൃദയാഘാതമാകാം മരണകാരണമെന്ന സംശയമുണ്ട്. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് വന്നാൽ മാത്രമേ മരണകാരണം വ്യക്തമാകൂ.


