തിരുവനന്തപുരം: നെടുമങ്ങാട് വീട് കുത്തി തുറന്ന് മോഷണം. 14 പവന് ആഭരണവും പണവും മുട്ടയുമടക്കമാണ് മോഷ്ടാക്കൾ കവർന്നത്. ശനിയാഴ്ച രാത്രിയിലായിരുന്നു സംഭവം. ആനാട് ആളില്ലാതിരുന്ന വീട്ടിലാണ് മോഷ്ടാക്കൾ കയറി കവർച്ച നടത്തിയത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. ഊരാളിക്കോണം ഹുബാമയിൽ റീജ സുലൈമാന്റെ വീട്ടിലാണ് കവർച്ച നടന്നത്.
പാലോട് വെറ്ററിനറി ബയോളജിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിലെ അറ്റൻഡറായ റീജയും കുടുംബവും ബന്ധുവീട്ടിൽ പോയതായിരുന്നു. ഞായറാഴ് രാവിലെ മടങ്ങിയെത്തിയപ്പോഴാണ് മോഷണ വിവരം അറിഞ്ഞത്. വീടിന്റെ മുൻവശത്തെ വാതിലിന്റെ പൂട്ട് തകർത്താണ് മോഷ്ടാക്കൾ അകത്തു കടന്നത്. മുറികളിലെ അലമാരയിലെയും മേശയിലെയും സാധനങ്ങൾ വാരിവലിച്ച് പുറത്തിട്ട നിലയിലാണുണ്ടായിരുന്നത്.
അലമാരയിൽ സൂക്ഷിച്ച പണവും മാലയും കമ്മലും ഉൾപ്പടുന്ന 14 പവൻ സ്വർണവും അടുക്കളയിൽ ഉണ്ടായിരുന്ന കോഴിമുട്ടകളും വരെ മോഷ്ടാവ് കൊണ്ടുപോയി. നെടുമങ്ങാട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സമീപത്തെ ചന്ദ്രമോഹനദാസിന്റെ വീട്ടിലും രണ്ടു ദിവസം മുമ്പ് മോഷണം നടന്നിരുന്നു. 6000 രൂപയാണ് കവർന്നത്. രണ്ട് സംഭവങ്ങളും തമ്മിൽ ബന്ധമുണ്ടോയെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. സിസിടിവി ദ്യശ്യങ്ങൾ ഉൾപ്പടെ ശേഖരിച്ചാണ് അന്വേഷണം.
മറ്റൊരു സംഭവത്തിൽ വലിയങ്ങാടിയിൽ നിന്ന് കൊപ്ര മോഷ്ടിച്ച പ്രതി പിടിയിൽ. വടകര -കൈനാട്ടി സ്വദേശി കുറിയടിപള്ളി വീട്ടിൽ സുബിൻരാജ് (31)ആണ് ടൗൺ പൊലീസിന്റെ പിടിയിലായത്. കോയസൻ റോഡിലെ കൊപ്ര സംഭരണകേന്ദ്രമായ സുപ്രിയ ട്രേഡേഴ്സിൽ നിന്ന് 40 കിലോയോളം കൊപ്ര മോഷ്ച്ചുടിവെന്നാണ് കേസ്. കടയിലെയും സമീപ പ്രദേശത്തെയും സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് പ്രതിയെ തിരിച്ചറിഞ്ഞത്.
കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.


