കൊച്ചി: അജ്ഞാതർ ഫോൺ വിളിച്ച് ഭീഷണിപ്പെടുത്തിയെന്ന് ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യ ലക്ഷ്മി. ദിലീപിനെതിരെ സംസാരിച്ചാൽ മുഖത്ത് ആസിഡ് ഒഴിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നാണ് പറയുന്നത്. ദിലീപിനെ കുറിച്ച് ഒരക്ഷരം മിണ്ടിപ്പോകരുതെന്ന് പറഞ്ഞ് അസഭ്യ വർഷം നടത്തിയെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു. നടി ആക്രമിക്കപ്പെട്ട കേസിലെ വിധി വന്ന ശേഷമുള്ള ശക്തമായ നിലപാടുകളുടെ പേരിലാണ് ഭീഷണി.
ഫോൺ കോളിലൂടെയാണ് ആസിഡ് ഭീഷണി മുഴക്കിയതെന്ന് ഭാഗ്യലക്ഷ്മി വ്യക്തമാക്കി. ഇനിയും നീ ദിലീപിനെതിരെ പറഞ്ഞാൽ മുഖത്ത് ആസിഡ് ഒഴിക്കുമെന്നായിരുന്നു ഭീഷണി. കേട്ടാൽ അറയ്ക്കുന്ന അസഭ്യം വിളിച്ചു. ഇത് താൻ പ്രതീക്ഷിച്ച വിളിയാണെന്നും ഭാഗ്യ ലക്ഷ്മി പറഞ്ഞു.
ഫോൺ വിളിച്ച നമ്പർ സഹിതം ഉടൻ തന്നെ പൊലീസിൽ പരാതി നൽകുമെന്നും ഭാഗ്യലക്ഷ്മി വ്യക്തമാക്കി.
മുമ്പും ഇത്തരത്തിൽ ഭീഷണി ലഭിച്ചപ്പോൾ പൊലീസിൽ പരാതി നൽകിയിട്ടുണ്ടെങ്കിലും യാതൊരു നടപടികളും ഉണ്ടായിട്ടില്ലെന്നും അവർ കൂട്ടിച്ചേർത്തു. നടി ആക്രമിക്കപ്പെട്ട കേസിലെ വിധി വന്ന ശേഷം നിതീ പൂർണമായില്ലെന്ന നിലയിലുള്ള പ്രതികരണങ്ങളിലെ പ്രകോപനമാണ് ഭീഷണിക്ക് കാരണമെന്നാണ് വ്യക്തമാകുന്നത്.
അതേസമയം ഈ എട്ട് വർഷത്തിൽ എല്ലാവരും കൂടി ശ്രമിച്ചിച്ചിട്ടും, എത്ര പണമിറക്കിയിട്ടും ഏട്ടന്റെ പടങ്ങളെ രക്ഷപ്പെടുത്താൻ പറ്റിയില്ലല്ലോ? എന്ന് ഭാഗ്യ ലക്ഷ്മി ഫേസ്ബുക്കിൽ കുറിച്ചിരുന്നു. ഇതേത്തുടർന്നാണ് ഭീഷണിയുമായി ഫോൺ കോളുകൾ എത്തിയത്


