മലപ്പുറം :വാടകവീട്ടിൽ താമസിക്കുന്ന യുവതിയെ ഭർത്താവ് അതിക്രൂരമായി വെട്ടിപ്പരിക്കേൽപ്പിച്ചു. പൊന്നാനി കോട്ടത്തറ സ്വദേശിനി അമൃതയ്ക്കാണ് (23) ഗുരുതരമായി പരിക്കേറ്റത്. സംഭവത്തിൽ ഭർത്താവായ എടപ്പാൾ സ്വദേശി ജിതിൻ പ്രകാശിനെ (24) തൃശൂർ റൂറൽ പോലീസ് അറസ്റ്റ് ചെയ്തു.
പുലർച്ചെ രണ്ട് മണിയോടെ അന്തിക്കാട് മനക്കോടിയിലാണ് നാടിനെ നടുക്കിയ ആക്രമണം നടന്നത്. ദമ്പതികൾ തമ്മിലുണ്ടായ രൂക്ഷമായ തർക്കത്തിനൊടുവിൽ അമൃതയെ കൊല്ലണമെന്ന ഉദ്ദേശത്തോടെ ജിതിൻ വെട്ടിപ്പരിക്കേൽപ്പിക്കുകയായിരുന്നു.
അക്രമത്തിൽ അമൃതയുടെ ഒരു കാൽ അറ്റുപോയ നിലയിലാണ്. കൈകൾക്കും ശരീരമാകെയും സാരമായ വെട്ടേറ്റിട്ടുണ്ട്. നിലവിളി കേട്ടെത്തിയ അയൽവാസികളാണ് രക്തത്തിൽ കുളിച്ചുകിടക്കുന്ന യുവതിയെ കണ്ടത്. ഉടൻ തന്നെ ആംബുലൻസ് വിളിച്ച് തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിവരമറിഞ്ഞെത്തിയ അന്തിക്കാട് പോലീസ് ഉടൻ തന്നെ പ്രതിയെ കസ്റ്റഡിയിലെടുത്തു. ഏതാനും ദിവസങ്ങളായി ഇരുവരും തമ്മിൽ നിരന്തരം വഴക്കുണ്ടാകാറുണ്ടെന്ന് പോലീസ്. അമൃതയുടെ അമ്മ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ വധശ്രമത്തിന് കേസെടുത്തിട്ടുണ്ട്.ഫോറൻസിക് സംഘം സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. പ്രതിയെ കൂടുതൽ ചോദ്യം ചെയ്തു വരികയാണെന്നും അന്തിക്കാട് പോലീസ്.


