Headlines

കണ്ണൂരിൽ പോലീസിന്റെ ലഹരിവേട്ട: പഴയ ലഹരിയിടപാട് കേസിലെ പ്രതി വീണ്ടും പിടിയിൽ





കണ്ണൂർ: നഗരത്തിൽ കണ്ണൂർ ടൗൺ പോലീസിന്റെ ശക്തമായ പരിശോധനയ്ക്കിടെ ലഹരിമരുന്ന് ശേഖരവുമായി യുവാവ് പിടിയിലായി. കണ്ണൂർ എസ്.എൻ. പാർക്കിന് സമീപം പൊതുസ്ഥലത്ത് പുകവലിച്ചതിന് പിടിയിലായ കണ്ണൂർ കക്കാട് സ്വദേശി നിസാം എം (40) എന്നയാളുടെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് മാരക ലഹരിമരുന്നുകൾ പിടികൂടിയത്.

പോലീസ് പെട്രോളിങ്ങിനിടെ എസ്.എൻ. പാർക്കിന് സമീപം പൊതുസ്ഥലത്ത് പുകവലിച്ചതിനാണ് നിസാമിനെതിരെ ആദ്യം കേസെടുത്തത്. ഇയാൾ മുൻപ് വലിയതോതിൽ ലഹരിവസ്തുക്കളുമായി അറസ്റ്റിലാവുകയും ജാമ്യം ലഭിക്കുകയും ചെയ്തിരുന്നു. തുടർന്നാണ് പ്രതിയുടെ വീട്ടിൽ കൂടുതൽ ലഹരിവസ്തുക്കൾക്കായി പരിശോധന നടത്തിയത്. പരിശോധനയിൽ 2.01 ഗ്രാം ടാബ്ലറ്റ് രൂപത്തിലുള്ള എം.ഡി.എം.എയും, 12.01 ഗ്രാം ക്രിസ്റ്റൽ രൂപത്തിലുള്ള എം.ഡി.എം.എയും, 950 ഗ്രാം കഞ്ചാവും, 3.330 ഗ്രാം ഹാഷിഷ് ഓയിലും കണ്ടെടുത്തു. കൂടാതെ ലഹരിവസ്തുക്കൾ ഉപയോഗിക്കാനുള്ള കവറുകൾ, റോളിംഗ് പേപ്പറുകൾ, ക്രഷിംഗ് ബോക്സ് എന്നിവയും കണ്ടെടുത്തിട്ടുണ്ട്.

കണ്ണൂർ ടൗൺ പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ ദീപ്തി വി.വി.യുടെ നേതൃത്വത്തിൽ എസ്.സി.പി.ഒ ബിജു, സി.പി.ഒ ജിഷാന്ത്, സി.പി.ഒ വിനിൽ മോൻ എന്നിവരാണ് പ്രതിയെ പിടികൂടിയത്.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: