തിരുവനന്തപുരം: വട്ടിയൂർക്കാവ് എംഎൽഎ വി.കെ പ്രശാന്തും ബിജെപി കൗൺസിലർ ആർ. ശ്രീലേഖയും തമ്മിൽ ഓഫീസ് മുറിയെച്ചൊല്ലി തർക്കം രൂക്ഷമാകുന്നു. ശാസ്തമംഗലത്തെ കോർപ്പറേഷൻ കെട്ടിടത്തിൽ നിലവിൽ പ്രവർത്തിക്കുന്ന എംഎൽഎ ഓഫീസ് ഒഴിഞ്ഞുതരണമെന്ന് ആവശ്യപ്പെട്ട് കൗൺസിലർ രംഗത്തെത്തി. തനിക്ക് ഔദ്യോഗിക ആവശ്യങ്ങൾക്കായി ഈ മുറി വേണമെന്നാണ് ശ്രീലേഖയുടെ നിലപാട്
ശനിയാഴ്ച രാവിലെ വി.കെ പ്രശാന്തിനെ ഫോണിൽ വിളിച്ചാണ് ശ്രീലേഖ ഓഫീസ് ഒഴിയാൻ ആവശ്യപ്പെട്ടത്. തന്റെ വാർഡിലെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് നിലവിലെ എംഎൽഎ ഓഫീസ് സൗകര്യപ്രദമാണെന്നാണ് ഇവരുടെ വാദം.
വാടക കരാർ നിലനിൽക്കുന്നതിനാൽ ഓഫീസ് മാറില്ലെന്ന് വി.കെ പ്രശാന്ത് വ്യക്തമാക്കി. 2026 മാർച്ച് വരെയാണ് നിലവിലെ കരാർ കാലാവധി. നഗരസഭാ കൗൺസിലിന്റെ കൃത്യമായ അനുമതിയോടെയാണ് ഓഫീസ് ഇവിടെ പ്രവർത്തിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കോർപ്പറേഷൻ കെട്ടിടങ്ങളിൽ ഓഫീസ് അനുവദിക്കുന്നത് മേയറുടെ അധികാരപരിധിയിൽ വരുന്ന കാര്യമാണ്. നിലവിൽ മുറി ലഭ്യമല്ലെങ്കിൽ കൗൺസിലർമാർക്ക് പുറത്ത് ഓഫീസ് വാടകയ്ക്ക് എടുക്കാം. ഇതിനായി 8000 രൂപ വരെ കോർപ്പറേഷൻ അനുവദിക്കാറുണ്ട്.
എങ്കിലും, ബിജെപിക്ക് ഭൂരിപക്ഷമുള്ള കൗൺസിൽ ഭാവിയിൽ വിരുദ്ധമായ തീരുമാനമെടുത്താൽ അത് എംഎൽഎയ്ക്ക് വെല്ലുവിളിയായേക്കാം. നിലവിൽ കാലാവധി ഉള്ളതിനാൽ ഓഫീസ് മാറ്റേണ്ടതില്ലെന്ന ഉറച്ച തീരുമാനത്തിലാണ് വി.കെ പ്രശാന്ത്.


