നിലവില്‍ 18 രൂപ വിലയുള്ള ഒരു സിഗരറ്റിന് ഭാവിയില്‍ 72 രൂപ വരെയായേക്കാമെന്നാണ് ഉദ്യോഗസ്ഥർ വിലയിരുത്തുന്നത്. സിഗരറ്റ് വില്‍പ്പന നിയന്ത്രിക്കുന്നതിനായി എക്‌സൈസ് തീരുവയില്‍ കുത്തനെ വർദ്ധനവ് വരുത്തുമെന്നായിരുന്നു നേരത്തെ പുറത്തുവന്ന വിവരം. ഈ തീരുമാനം പുകവലി ഉപേക്ഷിക്കാൻ കാരണമാകുമെന്ന പ്രതീക്ഷയില്‍ ചിലർ ഈ തീരുമാനത്തെ സ്വാഗതം ചെയ്തിട്ടുണ്ടെങ്കിലും വിമർശനങ്ങളും ഉയരുന്നുണ്ട്.
ചിലർ റെഡിറ്റിലൂടെ ഇതുമായി ബന്ധപ്പെട്ട ബില്ലിന്റെ സ്‌ക്രീൻഷോട്ട് പങ്കുവച്ചുകൊണ്ടാണ് അഭിപ്രായങ്ങള്‍ രേഖപ്പെടുത്തിയിരിക്കുന്നത്. സർക്കാരിന്റെ പുതിയ തീരുമാനം അംഗീകരിക്കുന്നുവെന്നും ഇത് വിദ്യാർത്ഥികളിലും യുവാക്കളിലും ഇടയിലുള്ള പുകവലിക്കാരുടെ എണ്ണത്തെ ഗണ്യമായി കുറയ്ക്കാൻ സഹായിക്കുമെന്നും ഒരാള്‍ കമന്റ് ചെയ്തു. എന്നാല്‍ മറ്റൊരാള്‍ പ്രതികരിച്ചത്, ഡല്‍ഹിയിലെ മലിനമായ വായുവില്‍ ജീവിച്ച തങ്ങള്‍ക്ക് സിഗരറ്റുകള്‍ കാര്യമായ മാറ്റമുണ്ടാക്കില്ലെന്നായിരുന്നു.
എന്നാല്‍ സിഗരറ്റിന്റെ വില കുത്തനെ ഉയർത്തുന്നത് ഇ സിഗരറ്റുകള്‍ പോലുള്ള ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കാൻ ജനങ്ങള്‍ പ്രേരിപ്പിച്ചേക്കാമെന്നും ചിലർ സംശയം പ്രകടിപ്പിക്കുന്നുണ്ട്. പുതിയ തീരുമാനം നടപ്പിലാക്കുന്നതിനു മുൻപ് തന്നെ കൂടുതല്‍ സിഗരറ്റുകള്‍ വാങ്ങിവയ്ക്കണമെന്നും ഒരാള്‍ തമാശരൂപേണ പറയുന്നുണ്ട്. അതേസമയം, സെൻട്രല്‍ എക്‌സൈസ് ബില്‍ പാർലമെന്റ് പാസാക്കിയിട്ടുണ്ട്. സിഗരറ്റ്, സിഗാർ, ഹുക്ക പുകയില, സർദ സുഗന്ധമുള്ള പുകയില എന്നിവയുള്‍പ്പെടെയുള്ള ലഹരി ഉല്‍പ്പന്നങ്ങളുടെ എക്‌സൈസ് തീരുവ പരിഷ്‌കരിക്കുന്നതിനാണ് ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരി അവതരിപ്പിച്ച ബില്‍ ലക്ഷ്യമിടുന്നത്.
1944ലെ നിലവിലെ സെൻട്രല്‍ എക്സൈസ് ആക്‌ട് പ്രകാരം, നീളവും തരവും അനുസരിച്ച് 1,000 സിഗരറ്റുകള്‍ക്ക് 200 രൂപ മുതല്‍ 735 രൂപ വരെ തീരുവ ചുമത്തുന്നു. പുതിയ ഭേദഗതി പ്രകാരം 1,000 സിഗരറ്റുകള്‍ക്ക് 2,700 മുതല്‍ 11,000 രൂപ വരെ തീരുവ വർദ്ധിക്കും.


