കൊച്ചി: കലൂർ ജവാഹർലാൽ നെഹ്റു ഇന്റർനാഷണൽ സ്റ്റേഡിയത്തിന്റെ സ്റ്റേജിൽ നിന്ന് വീണ് പരിക്കേറ്റ സംഭവത്തിൽ രണ്ടുകോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഉമാതോമസ് എംഎൽഎ ജിസിഡിഎക്ക് വക്കീൽ നോട്ടീസ് അയച്ചു. കഴിഞ്ഞവർഷം ഡിസംബർ 29 നാണ് അപകടമുണ്ടായത്.
12,000 പേർ ഒരുമിച്ച് നൃത്തം ചെയ്യുന്നവേദിയായിരുന്നു അപകടത്തിൽപ്പെട്ടത്. അരലക്ഷത്തോളം പേർ ഒത്തുകൂടിയ പരിപാടിയിൽ സുരക്ഷ ഉറപ്പാക്കുന്നതിൽ വീഴ്ചയുണ്ടായെന്ന് നോട്ടീസിൽ പറഞ്ഞു. തറനിരപ്പിൽനിന്ന് 10.5 മീറ്റർ ഉയരത്തിലായിരുന്നു വേദി. കൈവരി ഉണ്ടായിരുന്നില്ല. മുൻനിര സീറ്റിനുമുൻപിൽ ഉണ്ടായിരുന്നത് 50 സെൻ്റീമീറ്റർ സ്ഥലമാണ്.
ഇതിലൂടെ നടക്കുമ്പോഴാണ് എംഎൽഎ തലയടിച്ച് വീണത്. സ്ട്രെച്ചർ പോലും ഉണ്ടായിരുന്നില്ല.അപകടത്തിനുശേഷം 10 മിനിറ്റ് എടുത്താണ് സ്റ്റേഡിയത്തിന് പുറത്ത് എത്തിച്ചത്.
അപകടത്തിനുശേഷം ബോധം നഷ്ടപ്പെട്ട തനിക്ക് ഒൻപതുദിവസത്തിനുശേഷമാണ് ബോധം വീണ്ടെടുക്കാനായത്. മാസങ്ങൾ എടുത്താണ് സ്വതന്ത്രമായി നടക്കാൻ തുടങ്ങിയത്. ഇപ്പോഴും പൂർണമായും ആരോഗ്യം വീണ്ടെടുക്കാനായിട്ടില്ല. അപകടത്തിന്റെ ആഘാതം തുടരുകയാണെന്നും എംഎൽഎ നോട്ടീസിൽ ചൂണ്ടിക്കാട്ടി.


