Headlines

വിധികർത്താക്കളെ സ്വാധീനിക്കാൻ നോക്കേണ്ട, കുടുങ്ങും; കലോത്സവ വേദികളിൽ വിജിലൻസിന്റെ കനത്ത കാവൽ

പത്തനംതിട്ട: തൃശ്ശൂരിൽ ജനുവരി 14-ന് ആരംഭിക്കുന്ന സംസ്ഥാന സ്കൂൾ കലോത്സവം അഴിമതിരഹിതമായി നടത്താൻ വിജിലൻസ് കർശന നിരീക്ഷണം ഏർപ്പെടുത്തുന്നു. വിധികർത്താക്കളെയോ സംഘാടകരെയോ സ്വാധീനിക്കാൻ ശ്രമിക്കുന്നവരെ കണ്ടെത്താൻ വിപുലമായ സംവിധാനങ്ങളാണ് തൃശ്ശൂർ വിജിലൻസ് വിഭാഗം ഒരുക്കിയിരിക്കുന്നത്.


കലോത്സവത്തിലെ മുഴുവൻ വിധികർത്താക്കളുടെയും വിവരങ്ങൾ വിജിലൻസ് നേരത്തെ തന്നെ ശേഖരിച്ചിട്ടുണ്ട്. ഉപജില്ലാ, ജില്ലാ തലങ്ങളിൽ വിവാദങ്ങളിൽപ്പെട്ട വിധികർത്താക്കളും അവരുമായി ബന്ധപ്പെട്ടവരും പ്രത്യേക നിരീക്ഷണത്തിലായിരിക്കും. കലോത്സവങ്ങളിൽ വർഷങ്ങളായി അനാവശ്യ ഇടപെടലുകൾ നടത്തുന്ന സംഘങ്ങളെക്കുറിച്ച് വിജിലൻസിന് സൂചന ലഭിച്ചിട്ടുണ്ട്. ഇത്തരക്കാരെ കണ്ടെത്താൻ പ്രത്യേക അന്വേഷണ സംഘം എല്ലാ വേദികളിലും സജീവമായിരിക്കും. വ്യാജ അപ്പീലുകൾ വഴി മത്സരങ്ങളിൽ പങ്കെടുക്കുന്ന രീതി ഇത്തവണ അനുവദിക്കില്ല. മുൻപ് തൃശ്ശൂരിൽ നടന്ന കലോത്സവത്തിൽ വ്യാജ അപ്പീലുകൾ പിടികൂടിയ സാഹചര്യം പരിഗണിച്ച് ഇത്തവണ പരിശോധന കർശനമാക്കും.

അഴിമതിയോ കോഴ ഇടപാടുകളോ ശ്രദ്ധയിൽപ്പെട്ടാൽ പൊതുജനങ്ങൾക്ക് വിജിലൻസിനെ അറിയിക്കാം. ഇതിനായി 1064 എന്ന ടോൾഫ്രീ നമ്പർ ഉൾപ്പെടുത്തിയ പതിനായിരത്തോളം ബ്രോഷറുകൾ 25 വേദികളിലായി വിതരണം ചെയ്യും.

“കലോത്സവ വേദികളിൽ വിജിലൻസിന്റെ സാന്നിധ്യം ശക്തമായിരിക്കും. അഴിമതിക്കും സ്വജനപക്ഷപാതത്തിനുമെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടിയുണ്ടാകും.” – മന്ത്രി വി. ശിവൻകുട്ടി.

സംസ്ഥാന രഹസ്യാന്വേഷണ വിഭാഗത്തിന്റെ (Intelligence) സഹായത്തോടെയാണ് വിജിലൻസ് ഡയറക്ടറേറ്റ് ഈ കർമപദ്ധതി നടപ്പിലാക്കുന്നത്. മുൻ വർഷങ്ങളിൽ വിധികർത്താക്കളുടെ ഫോൺ സംഭാഷണങ്ങൾ ചോർന്നതും തൃശ്ശൂരിൽ തന്നെ നടന്ന കലോത്സവത്തിൽ ബാലാവകാശ കമ്മീഷന്റെ പേരിൽ വ്യാജ രേഖകൾ ചമച്ചതുമെല്ലാം കണക്കിലെടുത്താണ് ഇത്തവണത്തെ മുൻകരുതലുകൾ.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: