24 വർഷമായി ഒളിവിൽ;ബാങ്ക് കവർച്ചയുൾപ്പെടെ നിരവധി കേസുകളിൽ പ്രതിയായ കുപ്രസിദ്ധ മോഷ്ടാവ് പിടിയിൽ

വയനാട്: ബാങ്ക് കവർച്ചയുൾപ്പെടെ നിരവധി കേസുകളിൽ പ്രതിയായ കുപ്രസിദ്ധ മോഷ്ടാവ് പിടിയിലായി. വയനാട് സ്വദേശി സൈനുദ്ദീൻ (52) ആണ് പിടിയിലായത്. 24 വർഷമായി ഒളിവിൽ കഴിഞ്ഞ ഇയാളെ കൽപറ്റയിൽ നിന്നാണ് പിടികൂടിയത്. ഏറെ ചർച്ചയായ ചേലാമ്പ്ര ബാങ്ക് കവർച്ചാ കേസുൾപ്പടെ നിരവധി മോഷണക്കേസുകളായിലെ പ്രതിയാണ് പിടിയിലായ സൈനുദ്ദീൻ. തലശേരി പോലീസാണ് ഇയാളെ കല്‍പറ്റയില്‍ നിന്നും പിടികൂടിയത്. തലശ്ശേരിയിൽ 24 വർഷം മുമ്പ് രജിസ്റ്റർ ചെയ്ത വാഹന മോഷണക്കേസിലാണ് ഇയാളെ ഇപ്പോൾ പിടികൂടിയിട്ടുണ്ട്. തിരുവങ്ങാട് ഒരു വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന ബൈക്ക് മോഷ്ടിച്ച കേസിലാണ് അറസ്റ്റ്. 2002 ൽ രജിസ്റ്റർ ചെയ്ത കേസിലാണ് 24 വർഷങ്ങൾക്കിപ്പുറം പ്രതി പിടിയിലായത്. ഈ കേസുമായി ബന്ധപ്പെട്ട അന്വേഷണമാണ് സൈനുദ്ദീനിലേക്ക് പോലീസിനെ കൊണ്ടെത്തിച്ചത്. രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ കല്‍പറ്റയില്‍ ഇയാൾ ജോലി ചെയ്തിരുന്നതിനടുത്ത് കഴിഞ്ഞ കുറച്ച് നാളുകളായി പോലീസ് നിരീക്ഷണം നടത്തിവരികയായിരുന്നു. ഇതിനിടെയാണ് സൈനുദ്ദീൻ പിടിയിലായത്

കേരളത്തിലെ വിവിധ പോലീസ് സ്റ്റേഷനുകളിലായി 24 ഓളം കേസുകളും ഇയാൾക്കെതിരെയുണ്ട്, എൽ.പി വാറന്റ് പ്രതിയുമാണ് സൈനുദ്ദീൻ. തലശ്ശേരി ഇൻസ്‌പെക്ടർ ബിജു പ്രകാശിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ നീക്കത്തിലാണ് പ്രതി വലയിലായത്. തലശ്ശേരി എസ്‌.ഐ സൈഫുദ്ദീൻ എം.ടി.പി, സീനിയർ സിവിൽ പോലീസ് ഓഫീസർ നിതീഷ് എ.കെ, സിവിൽ പോലീസ് ഓഫീസർ ലിജീഷ് കെ എന്നിവരടങ്ങിയ സംഘമാണ് വയനാട്ടിലെത്തി പ്രതിയെ കസ്റ്റഡിയിലെടുത്തത്.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: