കനത്ത കാറ്റിലും മഴയിലും ബിഎസ്എൻഎൽ ടവർ തകർന്നുവീണു; ഒഴിവായത് വൻ ദുരന്തം



       


ഹരിപ്പാട്: കനത്ത കാറ്റിലും മഴയിലും മുട്ടം എഥീന എഡ്യൂക്കേഷൻ സെന്ററിന് സമീപം ബിഎസ്എൻഎൽ മൊബൈൽ ടവർ തകർന്നുവീണു. എഥീനയുടെ കിഴക്കുവശത്ത് ടവർ നിന്നിരുന്ന കെട്ടിടത്തിന്റെ മേൽക്കൂരയിലെ ഷീറ്റുകൾക്കും എഥീന എഡ്യൂക്കേഷൻ സെന്ററിന്റെ സൈക്കിൾ ഷെഡിനുമാണ് നാശനഷ്ടമുണ്ടായത്. തിങ്കളാഴ്ച പുലർച്ചെ രണ്ടിനാണ് കൂറ്റൻ ടവർ ഒടിഞ്ഞുവീണത്. മുമ്പ് ബിഎസ്എൻഎൽ ഓഫീസ് പ്രവർത്തിച്ചിരുന്ന കെട്ടിടമാണിത്.

പ്രദേശത്തെ പ്രധാന വൈദ്യുത ലൈനുകൾക്ക് മുകളിലേക്കാണ് ടവർ പതിച്ചത്. അപകട വിവരമറിഞ്ഞ് പുലർച്ചെ രണ്ടിന് തന്നെ കെഎസ്ഇബി ജീവനക്കാരെത്തി അടിയന്തരമായി വൈദ്യുതി ബന്ധം വിച്ഛേദിക്കുകയും പൊട്ടിവീണ ലൈനുകൾ അഴിച്ചുമാറ്റുകയും ചെയ്തതിനാലാണ് വൻ ദുരന്തം ഒഴിവായത്.

ആളുകൾ സ്ഥിരമായി യാത്ര ചെയ്യുന്ന റോഡിലേക്കാണ് ടവറിന്റെ ഭാഗങ്ങൾ വീണുകിടന്നത്. തുടർന്ന് അപകടസാധ്യത ഒഴിവാക്കാൻ നാട്ടുകാർ മുൻകൈയെടുത്ത് റോഡിൽ വേലികെട്ടി ഗതാഗതം നിയന്ത്രിക്കുകയും വാഹനങ്ങൾ വഴിതിരിച്ചുവിടുകയും ചെയ്തു.

വർഷങ്ങളായി കരാർ കാലാവധി കഴിഞ്ഞ് യാതൊരു പ്രവർത്തനവുമില്ലാതെ അപകടാവസ്ഥയിൽ കിടന്നിരുന്ന ടവറാണ് തകർന്നുവീണത്. സംഭവത്തെത്തുടർന്ന് ബിഎസ്എൻഎൽ അധികൃതർ സ്ഥലത്തെത്തി അപകടഭീഷണിയായ ടവർ ഭാഗങ്ങൾ പൂർണമായി അഴിച്ചുമാറ്റി.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: