Headlines

സംസ്ഥാനത്തെ മെഡിക്കല്‍ കോളജ് ഡോക്ടര്‍മാര്‍ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് നാളെ മുതല്‍ അനിശ്ചിതകാല സമരത്തിലേക്ക്.

തിരുവനന്തപുരം: സംസ്ഥാനത്തെ മെഡിക്കല്‍ കോളജ് ഡോക്ടര്‍മാര്‍ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് നാളെ മുതല്‍ അനിശ്ചിതകാല സമരത്തിലേക്ക്. കേരള ഗവണ്‍മെന്റ് മെഡിക്കല്‍ കോളജ് ടീച്ചേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിലാണ് ഒപി.യും അധ്യാപനവും പൂര്‍ണമായി ബഹിഷ്‌കരിച്ച് സമരം ആരംഭിക്കുന്നത്. ഇതോടെ സംസ്ഥാനത്തെ മെഡിക്കല്‍ കോളജുകളുടെ പ്രവര്‍ത്തനം ഗുരുതരമായി ബാധിക്കപ്പെടാന്‍ സാധ്യതയുണ്ട്.

ഫെബ്രുവരി 9 മുതല്‍ അടിയന്തരമല്ലാത്ത ശസ്ത്രക്രിയകളും ഫെബ്രുവരി 11 മുതല്‍ സര്‍വകലാശാലാ പരീക്ഷാ ജോലികളും ബഹിഷ്‌കരിക്കുമെന്ന് ഡോക്ടര്‍മാരുടെ സംഘടന അറിയിച്ചു. അതേസമയം, കാഷ്വാലിറ്റി, ലേബര്‍ റൂം, ഐസിയു, പോസ്റ്റ്‌മോര്‍ട്ടം വിഭാഗങ്ങളെ നിലവിലെ പ്രതിഷേധ പരിപാടികളില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

രോഗികള്‍ക്ക് അനുപാതികമായ തസ്തികകള്‍ സൃഷ്ടിക്കുക, അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുക, ശമ്പളപരിഷ്‌കരണ കുടിശ്ശിക നല്‍കുക, പ്രവേശന തസ്തികയിലെ ശമ്പള അപാകതകള്‍ പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് ഡോക്ടര്‍മാര്‍ മുന്നോട്ടുവയ്ക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് 2025 ജൂലൈ ഒന്നുമുതല്‍ വിവിധ ഘട്ടങ്ങളിലായി സമരപരിപാടികള്‍ നടന്നു വരികയാണെന്നും സംഘടന വ്യക്തമാക്കി.

റിലേ ഒപി. ബഹിഷ്‌കരണം, അധ്യാപന ബഹിഷ്‌കരണം ഉള്‍പ്പെടെ നിരവധി സമരരൂപങ്ങള്‍ ഇതിനകം സംഘടിപ്പിച്ചിട്ടുണ്ട്. പ്രശ്നപരിഹാരത്തിനായി പലതവണ മന്ത്രിതല ചര്‍ച്ചകള്‍ നടത്തിയെങ്കിലും യാതൊരു നടപടിയും ഉണ്ടായില്ലെന്ന് സംഘടന ആരോപിച്ചു. നവംബറില്‍ ആരോഗ്യ മന്ത്രിയുമായും തുടര്‍ന്ന് ജനുവരിയില്‍ ധനമന്ത്രിയുമായും നടത്തിയ ചര്‍ച്ചകളും ഫലം കണ്ടില്ലെന്ന് നേതാക്കള്‍ വ്യക്തമാക്കി.


ഒരു വര്‍ഷത്തിലേറെയായി തുടരുന്ന സമരപരിപാടികളുടെ അടുത്ത ഘട്ടമായാണ് അനിശ്ചിതകാല ഒപി.യും അധ്യാപന ബഹിഷ്‌കരണവും ആരംഭിക്കുന്നതെന്ന് സംഘടന അറിയിച്ചു

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: