കടലൂർ: തമിഴ്നാട്ടിലെ കടലൂർ ജില്ലയിലെ പൻറുട്ടിക്കടുത്തുള്ള ഒരു ഗ്രാമത്തിൽ വ്യാഴാഴ്ച രാത്രി മരുമകളും കാമുകനും ചേർന്ന് നടുറോഡിൽ വച്ച് ഭർതൃപിതാവിനെ ജീവനോടെ തീകൊളുത്തി. കടംപുലിയൂർ പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള മലിഗംപട്ട് സ്വദേശിയായ രാജേന്ദ്രനാണ് മരിച്ചത്. ഇയാളുടെ കഴുത്തിലും പുറംഭാഗത്തും ഇടുപ്പിന്റെ അടിഭാഗത്തും 70% പൊള്ളലേറ്റിരുന്നു. കടലൂർ സർക്കാർ ജനറൽ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. തുടർന്നാണ് മരണം.
മരുമകളും കാമുകനും ചേർന്ന് പെട്രോൾ ഒഴിച്ചാണ് തീ കൊളുത്തിക്കൊന്നത്. രാജേന്ദ്രന്റെ മരുമകളായ ബി ജയപ്രിയയുടെ കാമുകൻ ഡി മണികണ്ഠൻ ആണ് കേസിലെ പ്രധാന പ്രതി. 39കാരനായ മണികണ്ഠനും 28കാരിയായ മകന്റെ ഭാര്യയും തമ്മിലുള്ള ബന്ധം രാജേന്ദ്രൻ കണ്ടെത്തിയിരുന്നു. ഇവരുടെ ബന്ധത്തെ രാജേന്ദ്രൻ ചോദ്യം ചെയ്തിരുന്നു. ഇത് കുടുംബ വഴക്കിന് കാരണമായിരുന്നു. ഇതിലുള്ള പകയാണ് ആക്രമണത്തിന് കാരണമായത്.
അക്രമം നടന്ന ദിവസം രാജേന്ദ്രൻ ബൈക്കിൽ പോകുമ്പോൾ മണികണ്ഠനും കൂട്ടാളികളും വഴിയിൽ വച്ച് 64കാരനെ തടഞ്ഞു. തുടർന്ന് എല്ലാവരുടെയും മുന്നിൽ വെച്ച് രാജേന്ദ്രന്റെ ദേഹത്ത് പെട്രോളൊഴിച്ച് തീ കൊളുത്തിയ ശേഷം ഇവർ രക്ഷപ്പെട്ടു. ഈ വിഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാവുകയും വലിയ രീതിയിലെ ജനരോഷത്തിന് കാരണമാവുകയും ചെയ്തിരുന്നു. വീഡിയോ വൈറലായതോടെ കേസ് രജിസ്റ്റർ ചെയ്ത കടലൂർ പൊലീസ് വേഗത്തിൽ അന്വേഷണം തുടങ്ങി.
മുഖ്യപ്രതിയായ പൻറുട്ടി സ്വദേശി ഡി മണികണ്ഠനെ (39) പോലീസ് അറസ്റ്റ് ചെയ്തു. മണികണ്ഠന്റെ സഹായി പൻറുട്ടി സ്വദേശി ജി ഗുബേന്ദ്രൻ (29), വാൻ ഡ്രൈവർ ചിത്തിരൈച്ചവടി സ്വദേശി എം പാർത്ഥിബൻ (28), ജയപ്രിയ എന്നിവരെയും പോലീസ് അറസ്റ്റ് ചെയ്തു. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കൂടുതൽ ഉദ്ദേശ്യങ്ങളോ പങ്കാളികളോ കണ്ടെത്തുന്നതിനായി കൂടുതൽ അന്വേഷണങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്. തമിഴ്നാട്ടിലെ ഗ്രാമപ്രദേശങ്ങളിൽ വർദ്ധിച്ചുവരുന്ന ദുരഭിമാന കുറ്റകൃത്യങ്ങളും ഗാർഹിക കലഹങ്ങളും സംബന്ധിച്ച ആശങ്കകൾ ഈ സംഭവം വർദ്ധിപ്പിച്ചിട്ടുണ്ട്


