കണ്ണൂർ: കേരളത്തിലെ അതിവേഗ റെയിൽപാത പദ്ധതിക്ക് കേന്ദ്ര അനുമതിയില്ലാത്ത സാഹചര്യത്തിൽ മെട്രോമാൻ ഇ. ശ്രീധരൻ പൊന്നാനിയിൽ ഓഫീസ് തുറന്നത് ജനങ്ങളെ പറ്റിക്കാനാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ ആരോപിച്ചു.
കേരളത്തിൽ അതിവേഗ റെയിൽ പാതയുടെ ആവശ്യമില്ലെന്നാണ് കേന്ദ്ര റെയിൽവേ മന്ത്രി പറയുന്നത്. അതിവേഗ പാതയെക്കുറിച്ച് കേന്ദ്ര റെയിൽവേ മന്ത്രി പോലും അനുകൂലമായ നിലപാട് പറയാത്ത സാഹചര്യത്തിൽ, ശ്രീധരന്റെ ഈ പരിപാടിക്ക് കേന്ദ്ര സർക്കാർ അംഗീകാരം നൽകുമെന്ന് ആരും പ്രതീക്ഷിക്കുന്നില്ലെന്നും കേരളത്തിന്റെ വികസനത്തെ കേന്ദ്രം അവഗണിക്കുകയാണെന്നും എം. വി. ഗോവിന്ദൻ പറഞ്ഞു.
ദക്ഷിണേന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിൽ അതിവേഗ പാതകൾ ഉണ്ടല്ലോ എന്ന് ചോദിച്ചപ്പോൾ കേരളത്തിന് അതിന്റെ ആവശ്യമില്ലെന്ന നിലപാടാണ് കേന്ദ്ര മന്ത്രി സ്വീകരിച്ചത്. ഇത് കേരളത്തെ അപമാനിക്കുന്നതിന് തുല്യമാണെന്നും ഗോവിന്ദൻ കുറ്റപ്പെടുത്തി.
കഴിഞ്ഞ ദിവസമാണ് കേരളത്തിൽ അതിവേഗ റെയിൽപാത തുടങ്ങുന്നതിനായുള്ള ഡിപിആർ തയ്യാറാക്കാൻ എന്നവകാശപ്പെട്ട് ഇ. ശ്രീധരൻ ഓഫീസ് തുറന്നത്. പൊന്നാനിയിൽ ഭാര്യ രാധ നിലവിളക്ക് കൊളുത്തിയാണ് ഓഫീസിന്റെ ഉദ്ഘാടനം നിർവഹിച്ചത്. ഡിപിആർ (വിശദ പദ്ധതി റിപ്പോർട്ട്) തയ്യാറാക്കുന്നതിനായി ശ്രീധരൻ ഓഫീസ് ആരംഭിച്ചത്. പദ്ധതിയുടെ ഔദ്യോഗിക പ്രഖ്യാപനങ്ങൾക്കുമുമ്പേ ഇ. ശ്രീധരൻ സ്വന്തം നിലയ്ക്ക് ഓഫീസ് തുറന്നത് രാഷ്ട്രീയ–ഭരണ വൃത്തങ്ങളിൽ സംശയങ്ങളും ചോദ്യങ്ങളും ഉയർത്തുന്നു.
റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് ഡിപിആർ തയ്യാറാക്കാൻ തന്നോട് ആവശ്യപ്പെട്ടുവെന്നതാണ് ശ്രീധരന്റെ അവകാശവാദം. എന്നാൽ റെയിൽവേയുടെയോ മന്ത്രിയുടെയോ ഭാഗത്ത് നിന്ന് ഇതുവരെ ഔദ്യോഗിക സ്ഥിരീകരണമൊന്നും ഉണ്ടായിട്ടില്ല. സംസ്ഥാന സർക്കാരും ഇക്കാര്യം സംബന്ധിച്ച് തങ്ങൾക്ക് വിവരങ്ങളൊന്നും ലഭിച്ചിട്ടില്ലെന്ന നിലപാടിലാണ്. കേന്ദ്ര ബജറ്റിൽ പ്രഖ്യാപിച്ച ഏഴ് അതിവേഗ റെയിൽ ഇടനാഴികളിൽ കേരളം ഉൾപ്പെടാതിരുന്നതും വിഷയത്തെ കൂടുതൽ വിവാദമാക്കുന്നു.
ഇന്ന് മുതൽ തന്നെ ഓഫീസ് പ്രവർത്തനം ആരംഭിക്കുമെന്നും, ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കാത്ത രീതിയിലായിരിക്കും നടപടികളെന്നും ശ്രീധരൻ പറഞ്ഞു. നിർദേശിക്കപ്പെട്ട സ്റ്റേഷൻ പ്രദേശങ്ങളിൽ ആദ്യം പരിശോധന നടത്തും. തുടർന്ന് നാട്ടുകാരെ ബോധ്യപ്പെടുത്തി സർവേ നടപടികളിലേക്കും, പിന്നീടേ ഭൂമി ഏറ്റെടുക്കലിലേക്കും നീങ്ങുകയുള്ളുവെന്നുമാണ് വിശദീകരണം.
പദ്ധതിയുമായി ബന്ധപ്പെട്ട ഔദ്യോഗിക അറിയിപ്പുകൾ വൈകുന്ന സാഹചര്യത്തിലാണ് മുൻകരുതലെന്ന നിലയിൽ ഒരുക്കങ്ങൾ തുടങ്ങുന്നതെന്നാണ് ശ്രീധരന്റെ വാദം. സംസ്ഥാനത്തെ മൂന്ന് വിമാനത്താവളങ്ങളെ ബന്ധിപ്പിക്കുന്ന തിരുവനന്തപുരം–കണ്ണൂർ അർധ അതിവേഗ റെയിൽപാതയാണ് അദ്ദേഹം മുന്നോട്ടുവയ്ക്കുന്നത്. ഇതിനിടെയാണ് തിരുവനന്തപുരം മുതൽ കാസർകോട് വരെ അതിവേഗ റെയിൽപാതയെന്ന മറ്റൊരു പദ്ധതി സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചത്.
ഇതെല്ലാം തമ്മിലുള്ള സാമ്യവും വ്യത്യാസവും, കേന്ദ്ര–സംസ്ഥാന സർക്കാരുകളുടെ നിലപാടുകളും ഇനിയും വ്യക്തത തേടുകയാണ്. അതിനിടെ, റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് ഇന്ന് വിളിച്ച വാർത്താസമ്മേളനത്തിൽ കേരളത്തിലെ അതിവേഗ റെയിൽപാത വിഷയത്തിൽ വ്യക്തത വരുത്തുമെന്നാണ് പ്രതീക്ഷ


