തിരുവനന്തപുരം:സംസ്ഥാനത്ത് ബാറുകള്‍ ഇനി 12 മണി വരെ പ്രവർത്തിക്കും. ബാറുകളുടെ പ്രവർത്തന സമയം 2 മണിക്കൂറാണ് കൂട്ടുക.
നിലവില്‍ രാവിലെ 10 മണിക്ക് തുറന്ന് രാത്രി 10 മണിക്ക് അടയ്ക്കുന്ന രീതിയിലാണ് സമയക്രമം. ഇതുസംബന്ധിച്ച വിജ്ഞാപനം ഉടൻ പുറത്തിറങ്ങുമെന്ന് റിപ്പോർട്ടുകള്‍ പറയുന്നു.
ബാർ, ഹോട്ടല്‍ ഉടമകളുടെയും മദ്യപിക്കുന്നവരുടെയും ദീർഘകാലത്തെ ആവശ്യമാണ് നടപ്പാകാൻ പോകുന്നത്. നേരത്തെ ടൂറിസം മേഖലയില്‍ മാത്രം രാത്രി 12 വരെ ബാറുകളും ഹോട്ടലുകളും തുറന്നിരിക്കാൻ അനുവാദം നല്‍കിയിരുന്നു. ഇത് വിവേചനമാണെന്ന് സംസ്ഥാനത്തെ ബാറുടമകള്‍ ചൂണ്ടിക്കാട്ടാൻ തുടങ്ങിയിട്ട് നാളേറെയായി. സംസ്ഥാനത്തെ എല്ലാ ബാറുകളുടെയും ഹോട്ടലുകളുടെയും സമയക്രമം ഏകീകരിക്കുകയാണ് സർക്കാർ ഇപ്പോള്‍ ചെയ്തിരിക്കുന്നത്.
ഇതോടൊപ്പം വിനോദസഞ്ചാര മേഖലകളിലെ ബാറുകളുടെ പ്രവർത്തന സമയം ഇനിയും കൂട്ടുമെന്നും വിവരമുണ്ട്. ഇത്തരം സ്ഥലങ്ങളില്‍ ബാറുകള്‍ക്ക് പുലർച്ചെ മൂന്ന് മണി വരെ പ്രവർത്തിക്കാൻ അനുമതി നല്‍കിയേക്കും. ഇതുകൂടാതെ ബിസിനസ് ചർച്ചകള്‍ക്കും മറ്റുമായി ഒത്തുകൂടുന്ന ഹോട്ടലുകളിലും പുലർച്ചെ മൂന്ന് വരെ മദ്യം വിളമ്പാൻ അനുമതി നല്‍കിയേക്കും. ഇങ്ങനെ അധികസമയം മദ്യം വിളമ്പുന്നതിന് സർക്കാർ പ്രത്യേക ഫീസ് ഈടാക്കിയേക്കും.
സംസ്ഥാനത്തെ ടൂറിസം മേഖലയ്ക്ക് വലിയ ഗുണം കിട്ടുന്ന തീരുമാനമായാണ് ബാർ സമയം നീട്ടുന്നത് പൊതുവെ നിരീക്ഷിക്കപ്പെടുന്നത്. കൂടാതെ നൈറ്റ് ലൈഫ് പ്രോത്സാഹിപ്പിക്കാനും ഈ തീരുമാനത്തിലൂടെ സാധിക്കും. ഏറെ നഗരവല്‍ക്കരിക്കപ്പെട്ട സംസ്ഥാനമെന്ന നിലയ്ക്ക് രാത്രികാല ജീവിതം പ്രോത്സാഹിപ്പിക്കുന്നത് സാമ്പത്തിക വളർച്ചയ്ക്ക് ഗുണകരമാകും.
നഗരവല്‍ക്കരണം വലിയ തോതില്‍ നടന്ന സംസ്ഥാനമായിട്ടും കേരളത്തില്‍ നൈറ്റ് ലൈഫ് വളരെ കുറവാണ്. കൊച്ചിയില്‍ പോലും ബെംഗളൂരു പോലുള്ള നഗരങ്ങളില്‍ കാണുന്ന അളവിലുള്ള രാത്രിജീവിതമില്ല. ഇത് ടൂറിസം വളർച്ചയ്ക്കും ഗുണകരമല്ലാത്ത കാര്യമായാണ് വിലയിരുത്തപ്പെട്ടിരുന്നത്.
2025 ജനുവരി വരെയുള്ള കണക്കനുസരിച്ച് കേരളത്തിലാകെ 847 ബാർ ലൈസൻസുകളാണ് നിലവിലുള്ളത്. 289 ബവ്കോ ഔട്ലെറ്റുകളും സംസ്ഥാനത്തുണ്ട്.


