ജോദ്പൂർ: രാജസ്ഥാനിലെ ജോദ്പൂരിലുള്ള മനായ് ഗ്രാമത്തിൽ സഹോദരിമാരായ വധുക്കളെ വിവാഹദിവസം മരിച്ച നിലയിൽ കണ്ടെത്തി. വിവാഹ ഘോഷയാത്ര ആരംഭിക്കാനിരിക്കേയാണ് ഇരുവരെയും ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. പോസ്റ്റ്‌മോർട്ടം നടത്താതെ പെൺകുട്ടികളുടെ മൃതദേഹം സംസ്‌കരിക്കാനുള്ള കുടുംബത്തിന്റെ ശ്രമത്തെ പൊലീസ് തടഞ്ഞു. തുടർന്ന് മൃതദേഹങ്ങൾ ജോദ്പൂരിലെ മഹാത്മാ ഗാന്ധി ആശുപത്രിയിലേക്ക് മാറ്റി
ദീപ് സിങ് എന്നയാളുടെ മക്കളായ ശോഭയും വിമലയുമാണ് മരിച്ചത്. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷമേ കൃത്യമായ മരണകാരണം പറയാനാകുമെന്ന് പൊലീസ് വ്യക്തമാക്കി. സ്വകാര്യ സ്‌കൂളിലെ അധ്യാപികമാരാണ് ഇരുവരും. വെള്ളിയാഴ്ച രാത്രിയോടെ വിവാഹം നടക്കുന്നതിന് മുമ്പ് നടത്തുന്ന രാജസ്ഥാനി രീതിയിലുള്ള ബന്ദോളി എന്ന ചടങ്ങിൽ ഇരുവരും പങ്കെടുത്തിരുന്നു. പുലർച്ചെ നാലു മണിയോടയാണ് ഇരുവരുടെ ആരോഗ്യനില വഷളായത്. ഇവരെ ജോദ്പൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഇവർ മരിച്ചിരുന്നു. തുടർന്ന് മൃതദേഹങ്ങൾ വീട്ടിലെത്തിക്കുകയാണ് ഉണ്ടായത്
വിവരമറിഞ്ഞ പെൺകുട്ടികളുടെ അമ്മാവനാണ് പൊലീസിൽ വിവരമറിയിച്ചത്. പിന്നാലെ പൊലീസ് വീട്ടിലെത്തി സംസ്‌കാര ചടങ്ങുകൾ തടഞ്ഞു. സംസ്‌കാര ചടങ്ങുകൾ ആരംഭിച്ചപ്പോഴേക്കും മൃതശരീരങ്ങളുടെ നിറം നീലയായെന്ന് അമ്മാവൻ പറയുന്നു. പെൺകുട്ടികൾ സമ്മർദത്തിലായിരുന്നു എന്നും ആദ്യം ഇരുവരുടെ വിവാഹം മറ്റ് രണ്ട്‌പേരുമായാണ് നിശ്ചയിച്ചിരുന്നതെന്നും പിന്നീട് ഇത് മറ്റ് രണ്ട് പേരുമായി പുനക്രമീകരിച്ചെന്നും അമ്മാവൻ പറയുന്നു


