കൊല്ലം: അഞ്ചുവയസ്സുകാരിയുടെ സ്വർണ്ണക്കൊലുസ് മോഷണം പോയ കേസില്‍ പ്രതിയായ യുവതിയുടെ ഭർത്താവ് പെട്രോള്‍ ഒഴിച്ച് ജീവനൊടുക്കാൻ ശ്രമിച്ചു
പടിഞ്ഞാറ്റിൻകര സ്വദേശി റഫീഖ് ആണ് ആത്മഹത്യക്ക് ശ്രമിച്ചത്. ഭാര്യ ജയിലിലായ മനോവിഷമത്തിലാണ് യുവാവ് ആത്മഹത്യക്ക് ശ്രമിച്ചതെന്ന് പൊലീസ് പറഞ്ഞു. റഫീഖിന് 50%ത്തിലേറെ പൊള്ളലേറ്റിട്ടുണ്ടെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. കൊല്ലം അഞ്ചലിലാണ് സംഭവം.
കഴിഞ്ഞ തിങ്കളാഴ്ചയാണ് സ്വർണ്ണക്കൊലുസ് മോഷണം പോയ കേസില്‍ സബീനയെ സ്വകാര്യ ബസില്‍ നിന്ന് പൊലീസ് പിടികൂടിയത്. മുൻപും സമാനമായ നിരവധി കേസുകളില്‍ പ്രതിയായിട്ടുള്ളയാളാണ് സബീന. കുട്ടിയുടെ മാതാവ് പരാതി നല്‍കിയതോടെയാണ് പൊലിസ് കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു.
അഞ്ചല്‍ ആർ ഒ ജംഗ്ഷനില്‍ നിന്നും കുളത്തൂപ്പുഴയ്ക്ക് പോകുകയായിരുന്ന സ്വകാര്യ ബസ്സിലായിരുന്നു മോഷണം. കോട്ടുക്കല്‍ സ്വദേശിനി അസ്നിയുടെ മകള്‍ അസ്ലീന്റെ കാലില്‍ കിടന്ന മുക്കാല്‍ പവന്റെ സ്വർണ്ണക്കൊലുസ്സാണ് സബീന മോഷ്ടിച്ചത്. കൊലുസ് നഷ്ടപ്പെട്ട വിവരം ശ്രദ്ധയില്‍പ്പെട്ട ഉടൻ അസ്നി ബസ് ജീവനക്കാരെ അറിയിക്കുകയും അവർ ഉടൻ തന്നെ അഞ്ചല്‍ പൊലിസില്‍ വിവരമറിയിക്കുകയുമായിരുന്നു. സ്ഥലത്തെത്തിയ പൊലിസ് സംഘം ബസ്സിലുണ്ടായിരുന്ന സബീനയെ കണ്ടതോടെ തന്നെ പ്രതിയെ തിരിച്ചറിഞ്ഞു. സ്റ്റേഷനില്‍ കൊണ്ടുപോയി നടത്തിയ പരിശോധനയില്‍ ഇവരില്‍ നിന്നും സ്വർണ്ണം കണ്ടെടുക്കുകയായിരുന്നു.


