പാൽവില ലിറ്ററിന് 4 രൂപ കൂട്ടാൻ മിൽമ; തിരഞ്ഞെടുപ്പിന് മുൻപ് അനുമതി തേടി സർക്കാരിന് കത്ത്





തിരുവനന്തപുരം: സംസ്ഥാനത്ത് പാൽ വില വർദ്ധിപ്പിക്കാനുള്ള നീക്കവുമായി മിൽമ മുന്നോട്ട്. ലിറ്ററിന് 4 രൂപ വീതം വർദ്ധിപ്പിക്കണമെന്ന ശുപാർശ കഴിഞ്ഞ മാസം 20-ന് തന്നെ മിൽമ ഭരണസമിതി ക്ഷീരവികസന വകുപ്പ് മന്ത്രിക്ക് സമർപ്പിച്ചു. നിയമസഭാ തിരഞ്ഞെടുപ്പിന്റെ മാതൃകാ പെരുമാറ്റച്ചട്ടം നിലവിൽ വരുന്നതിന് മുൻപായി വിഷയത്തിൽ അനുകൂല തീരുമാനമെടുക്കണമെന്ന് മിൽമ സർക്കാരിനോട് ആവശ്യപ്പെട്ടു. വില നിശ്ചയിക്കാൻ മിൽമയ്ക്ക് സ്വയം അധികാരമുണ്ടെങ്കിലും സർക്കാരുമായുള്ള സഹകരണം മുൻനിർത്തിയാണ് അനുമതി തേടിയതെന്ന് ചെയർമാൻ കെ.എസ്. മണി വ്യക്തമാക്കി.വില വർദ്ധിപ്പിക്കുന്നതിലൂടെ ലഭിക്കുന്ന തുകയുടെ സിംഹഭാഗവും കർഷകർക്ക് നൽകാനാണ് മിൽമ ലക്ഷ്യമിടുന്നത്. നാല് രൂപ വർദ്ധിപ്പിക്കുകയാണെങ്കിൽ അതിൽ 83.75 ശതമാനവും, അതായത് രണ്ട് രൂപ നാൽപ്പത് പൈസ നേരിട്ട് കർഷകർക്ക് ലഭ്യമാക്കുന്ന രീതിയിലാണ് വിഭജനം ആസൂത്രണം ചെയ്തിരിക്കുന്നത്. ബാക്കി തുക പാൽ സൊസൈറ്റികൾക്കും വിൽപനക്കാർക്കുമായി വീതിച്ചു നൽകും. ഈ പ്രതിസന്ധി ഘട്ടത്തിൽ മിൽമയ്ക്ക് ലഭിക്കേണ്ട ലാഭവിഹിതം പൂർണ്ണമായും ഒഴിവാക്കിക്കൊണ്ടാണ് ഇത്തരമൊരു ശുപാർശ മുന്നോട്ടുവെച്ചിരിക്കുന്നത്. നിലവിൽ ഒരു ലിറ്റർ പാലിന് 52 രൂപയാണ് വില.

എന്നാൽ, തിരഞ്ഞെടുപ്പ് പടിവാതിൽക്കൽ നിൽക്കുന്ന സാഹചര്യത്തിൽ പാൽവില വർദ്ധിപ്പിക്കുന്നത് വലിയ രാഷ്ട്രീയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് സർക്കാർ ഭയപ്പെടുന്നു. നേരത്തെ തദ്ദേശ തിരഞ്ഞെടുപ്പിന് ശേഷം ഈ വിഷയം പരിഗണിക്കാമെന്ന നിലപാടിലായിരുന്നു സർക്കാരെങ്കിലും ഇതുവരെയും മറുപടി ലഭിച്ചിട്ടില്ല. ഈ കാലതാമസത്തിൽ പ്രതിഷേധിച്ച് എറണാകുളം മേഖലയിലെ മിൽമ യൂണിയൻ പ്രതിനിധികൾ യോഗത്തിൽ നിന്ന് ഇറങ്ങിപ്പോവുകയും ചെയ്തിരുന്നു. സർക്കാരിന്റെ ഭാഗത്തുനിന്ന് ഇനിയും മറുപടി ലഭിക്കാത്ത സാഹചര്യത്തിൽ, ഇക്കാര്യം വീണ്ടും ഓർമ്മിപ്പിച്ചുകൊണ്ട് മിൽമ ഉടൻ തന്നെ കത്തയക്കാൻ തീരുമാനിച്ചിട്ടുണ്ട്.                          

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: