പാലക്കാട്: നിയമസഭാ തെരഞ്ഞെടുപ്പിൽ ചിറ്റൂരിൽ മന്ത്രി കെ കൃഷ്ണൻ കുട്ടി സ്ഥാനാർത്ഥിയാകില്ല. കൃഷ്ണൻ കുട്ടിക്ക് പകരക്കാരനായി എത്തുന്നത് സോഷ്യലിസ്റ്റ് ജനതാദൾ സംസ്ഥാന ജനറൽ സെക്രട്ടറി വി മുരുകദാസാണ്. മുരുകദാസിനെ മത്സരിപ്പിക്കണമെന്ന് മണ്ഡലം, ജില്ല കമ്മിറ്റികൾ നിർദ്ദേശിച്ചു. ചെറുപ്പക്കാർക്ക് അവസരം നൽകണമെന്ന് യോഗത്തിൽ ആവശ്യം ഉയർന്നിരുന്നു. ഇതനുസരിച്ച് വി മുരുകദാസിനെ മത്സരിപ്പിക്കാനാണ് നിലവിൽ ധാരണയായിരിക്കുന്നത്. മുൻ പഞ്ചായത്ത് അംഗവും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റുമായ മുരുകദാസിന്റെ കന്നി നിയമസഭാ മത്സരമാണിത്.
അതേസമയം പാലക്കാട്ടെ സിപിഐ സ്ഥാനാർത്ഥികളുടെ കാര്യത്തിൽ ഇന്ന് തീരുമാനമാകും. ഇന്ന് നടക്കുന്ന ജില്ലാ കൗൺസിലിൽ ഇത് സംബന്ധിച്ച് തീരുമാനമെടുക്കും. പട്ടാമ്പിയിൽ മുഹമ്മദ് മുഹ്സിൻ തന്നെ മൂന്നാമതും മത്സരിച്ചേക്കും. മൂന്നാം ടേം നൽകണമെന്ന് ജില്ലാ കൗൺസിലിൽ തീരുമാനിച്ച് സംസ്ഥാന എക്സിക്യൂട്ടീവിലേക്ക് അനുമതിക്കായി വിടാൻ ധാരണയായെന്നാണ് റിപ്പോർട്ടുകൾ. മുഹ്സിനെ തന്നെ വീണ്ടും കളത്തിലിറങ്ങണമെന്നാണ് സിപിഎമ്മിൻ്റെയും താൽപ്പര്യം. പന്ന്യൻ രവീന്ദ്രൻ, പിപി സുനീർ തുടങ്ങിയവരുടെ പേരുകളും പേരുകൾ മുഹ്സിനെ കൂടാതെ പട്ടാമ്പി മണ്ഡലം കമ്മിറ്റി നിർദ്ദേശിച്ചിരുന്നു. മണ്ണാർക്കാട് പൊതുസ്വതന്ത്രനായി മൻസിൽ ബക്കറിനെ സ്ഥാനാർഥിയാക്കാനാണ് സിപിഐ തീരുമാനിച്ചിട്ടുള്ളത്.


