അമ്മാൻ: വിവാഹാഭ്യർഥന നിരസിച്ചതിലുള്ള വൈരാഗ്യത്തെ തുടർന്ന് ജോർദാനിൽ സർവകലാശാല വിദ്യാർഥിനിയെ നടുറോഡിൽ കുത്തിക്കൊലപ്പെടുത്തി. ജോർദാൻ സയൻസ് ആൻഡ് ടെക്നോളജി സർവകലാശാലയിലെ വിദ്യാർഥിനിയായ നൂർ ബർഗലാണ് കൊല്ലപ്പെട്ടത്. അമ്മാനിലെ പ്രിൻസ് ഹസ്സൻ മേഖലയിലാണ് യുവതിയെ കൊലപ്പെടുത്തിയത്. സംഭവം രാജ്യത്ത് വലിയ പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്.
യാസിർ അല്ലഹാം എന്ന യുവാവാണ് ആക്രമണം നടത്തിയതെന്ന് പൊലീസ് അറിയിച്ചു. റോഡിലൂടെ നടന്നുപോകുകയായിരുന്ന നൂറിനെ പ്രതി അപ്രതീക്ഷിതമായി ആക്രമിച്ച് നിരവധി തവണ കുത്തുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ യുവതിയെ ഉടൻ ആശുപത്രിയിലെത്തിക്കാൻ ശ്രമിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
പൊലീസ് കസ്റ്റഡിയിലുള്ള പ്രതി കുറ്റം സമ്മതിച്ചതായാണ് റിപ്പോർട്ടുകൾ. വിവാഹാഭ്യർഥന നിരസിച്ചതിനെ തുടർന്നുണ്ടായ വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായതായി അധികൃതർ അറിയിച്ചു.
സംഭവത്തിന് പിന്നാലെ പ്രതിയുടെ പിതാവിന്റെ പ്രതികരണവും ശ്രദ്ധേയമായി. കൊല്ലപ്പെട്ട നൂർ തന്റെ മകളുടെ അടുത്ത സുഹൃത്തായിരുന്നുവെന്നും, ഇത്രയും ക്രൂരമായ കുറ്റകൃത്യം ചെയ്ത മകന് നിയമം ഏറ്റവും കർശനമായ ശിക്ഷ നൽകണമെന്നും അദ്ദേഹം പരസ്യമായി ആവശ്യപ്പെട്ടു. മകന് വധശിക്ഷ തന്നെ ലഭിക്കണമെന്നാണ് അദ്ദേഹത്തിന്റെ നിലപാട്.
പ്രതി അംഗമായ ‘ലുദ്ദ്’ ഗോത്രത്തിലെ നേതാക്കളും സംഭവത്തെ ശക്തമായി അപലപിച്ചു. പ്രതിയുടെ നടപടി ഗോത്രത്തിന്റെ പാരമ്പര്യത്തിനും സാമൂഹിക മൂല്യങ്ങൾക്കും വിരുദ്ധമാണെന്നും, നിയമനടപടികൾ വേഗത്തിൽ പൂർത്തിയാക്കി കർശന ശിക്ഷ ഉറപ്പാക്കണമെന്നും അവർ ആവശ്യപ്പെട്ടു


