10 കോടി രൂപയുടെ എംഡിഎംഎ കേസ്; മുഖ്യപ്രതികളടക്കം നാലുപേർ കൂടി അറസ്റ്റിൽ




മലപ്പുറം : സംസ്ഥാനത്തെ ഏറ്റവും വലിയ ലഹരിവേട്ടകളിലൊന്നായ മഞ്ചേരി പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത 13 കിലോഗ്രാം എംഡിഎംഎ പിടികൂടിയ കേസിൽ മുഖ്യപ്രതികളടക്കം നാലുപേർ കൂടി അറസ്റ്റിൽ. ഇതോടെ കേസിൽ മലപ്പുറം പൊലീസിന്റെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തവരുടെ എണ്ണം 13 ആയി.

മലപ്പുറം നടുവട്ടം സ്വദേശി മുഹമ്മദ് ഹാരിസ് (37), വയനാട് വടുവഞ്ചാൽ സ്വദേശി അഖിൽ ജോയി എന്ന കിംഗ് മേക്കർ (32), പാലക്കാട് കൊപ്പം സ്വദേശി സലാഹുദ്ദീൻ (26) എന്നിവരെ ബിഹാറിലെ ഭാഗൽപൂരിൽനിന്നും തമിഴ്നാട് ഉദകമണ്ഡലം സ്വദേശി കാർത്തികിനെ (32) ചെന്നൈയിൽനിന്നുമാണ് പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്.

മൊബൈൽ ഫോൺ ഉപയോഗിക്കാതെ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതികളെ കണ്ടെത്തുന്നതിനായി ഏകദേശം 10 സംസ്ഥാനങ്ങളിൽ പൊലീസ് നിരീക്ഷണം ശക്തമാക്കിയിരുന്നു. ഒരാഴ്ചയോളം നടത്തിയ രഹസ്യ അന്വേഷണത്തിനൊടുവിലാണ് പ്രതികൾ ഒളിവിൽ കഴിഞ്ഞിരുന്ന കേന്ദ്രത്തെക്കുറിച്ച് അന്വേഷണ സംഘത്തിന് വിവരം ലഭിച്ചത്. തുടർന്ന് വിവിധ സംസ്ഥാനങ്ങളിലായി നടത്തിയ പരിശോധനകളിലാണ് പ്രതികൾ പിടിയിലായത്.

മഞ്ചേരി പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ ഏകദേശം 10 കോടി രൂപ വിലമതിക്കുന്ന 13 കിലോഗ്രാം എംഡിഎംഎയാണ് പിടികൂടിയത്. കേസിൽ കൂടുതൽ അന്വേഷണം തുടരുകയാണ്.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: