മലപ്പുറം : മമ്പാട് എം.ഇ.എസ് കോളേജിലെ അധ്യാപകന് ഉള്‍പ്പെട്ട എംഡിഎംഎ കേസില്‍ നാല് പ്രതികള്‍ക്കും ഉപാതികളോടെ ജാമ്യം.എംഇഇസ് കോളജ് അധ്യാപകന് സുഹൈല്‍ പെരിങ്ങോടന് അടക്കം നാല് പ്രതികളാണ് ഇന്നലെ അറസ്റ്റിലായത്. പ്രതികളിലൊരാളുടെ വീട്ടിലെത്തിയപ്പോള്‍ കണ്ടെടുത്ത 22 ഗ്രാം എംഡിഎംഎ സംബന്ധിച്ച് പൊലീസ് പുതിയ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തില്‍ നിന്നാണ് കേസിന്റെ തുടക്കം. വിദ്യാര്‍ത്ഥികള്‍ക്ക് എംഡിഎംഎ വില്‍ക്കുന്ന സുബ്രമഹ്ണ്യന്‍ എന്നയാളെ പൊലീസ് കണ്ടെത്തുന്നു,നാല് ഗ്രാം എംഡിഎംഎയും കഞ്ചാവുമാണ് ഇയാളില്‍ നിന്ന് പിടിച്ചെടുത്തത്, ഇതിന് പിന്നാലെ വിശദമായ ചോദ്യം ചെയ്യലിലാണ് മമ്പാട് എംഇഎസ് കോളജിലെ അധ്യാപകന് സുഹൈല്‍,നിലമ്പൂര്‍ സ്വദേശികളായ വിവേക്, സുബ്രമണ്യന്‍, എടവണ്ണ സ്വദേശിനി
റീന എന്നിവര്‍ കൂടി തന്റെ സംഘത്തിലുണ്ടെന്ന് പ്രതി സമ്മതിക്കുന്നത്.
റീനയുടെ ബ്യൂട്ടിപാര്‍ലറിന്റെ മറവിലായിരുന്നു സംഘത്തിന്റെ ലഹരി വില്‍പ്പന. വിദ്യാര്‍ത്ഥികള്‍ക്ക് എംഡിഎംഎ നല്‍കിയിരുന്നത് സുഹൈലായിരുന്നു. ഇന്നലെ അറസ്റ്റ് ചെയ്ത പ്രതികളെ പൊലീസ് വിശദമായി ചോദ്യം ചെയ്തു. രാവിലെ റീനയുടെ വീട്ടില്‍ പരിശോധനക്കെത്തിയ പൊലീസിനെ കണ്ട് ലഹരി സംഘം കാറില്‍ കടന്ന് കളയാന്‍ ശ്രമിച്ചു, മതിലിലിടിച്ച കാറില്‍ നിന്ന് രണ്ടുപേര്‍ ഓടി രക്ഷപ്പെട്ടു. ഈ കാറില്‍ നിന്ന് 22 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു. ജാമ്യം നിഷേധിക്കാന്‍ പര്യാപ്തമായ ക്വാണ്ടിറ്റിയില്‍ എംഡിഎംഎ പ്രതികളുടെ പക്കലില്ലാത്തതിനാല്‍ കോടതി ഉപാതികളോടെ ജാമ്യം അനുവദിച്ചു.
റീനയുടെ വീട്ടില്‍ നിന്ന് ലഹരിവസ്തു പിടിച്ചെടുത്ത സംഭവത്തില്‍ പൊലീസ് വേറെ കേസ് റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പ്രതികള്‍ക്ക് മയക്കുമരുന്ന് എത്തിച്ചുനല്‍കിയവരെയും സംഘത്തിലെ മറ്റ് കണ്ണികളെയും കണ്ടെത്തുന്നതിനുള്ള അന്വേഷണം തുടരുകയാണ്. സുഹൈല്‍ പഠിപ്പിക്കുന്ന കുട്ടികള്‍ക്ക് ലഹരി വസ്തുക്കള്‍ നല്‍കിയിരുന്നോ എന്നും പൊലീസ് പരിശോധിക്കുന്നു.അറസ്റ്റിന് പിന്നാലെ ഇയാളെ കോളജില്‍ നിന്ന് പുറത്താക്കിയിരുന്നു.


