മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് പുതിയ സിസണിന്റെ ഒന്നാംഘട്ട ഫിക്സ്ചര്‍ പുറത്തിറക്കി ബിസിസിഐ. മാര്‍ച്ച് 28 മുതലാണ് ഐപിഎല്‍ 19-ാം പതിപ്പിന് തുടക്കംകുറിക്കുക. നിലവിലെ ചാംപ്യന്മാരായ റോയല്‍ ചലഞ്ചേഴ്സ് ബെംഗൂളുരു (ആര്‍.സി.ബി) സണ്‍റൈസേഴ്സ് ഹൈദരാബാദിനെ ആദ്യ മല്‍സരത്തില്‍ നേരിടും. ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിലാണ് മല്‍സരം. സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ്തിയ്യതി പ്രഖ്യാപിച്ചതിന് ശേഷമായിരിക്കും പൂര്‍ണ്ണ ഫിക്സ്ചര്‍ പുറത്തിറക്കുകയെന്ന് ബിസിസിഐ അറിയിച്ചു. ബെംഗളൂരു, മുംബൈ, ഗുവാഹാട്ടി, ന്യൂ ചണ്ഡീഗഢ്, ലക്നൗ, കൊല്‍ക്കത്ത, ചെന്നൈ, ഡല്‍ഹി, അഹമ്മദാബാദ്, ഹൈദരാബാദ് എന്നിവിടങ്ങളിലെ 10 വേദികളിലായി ആകെ 20 മല്‍സരങ്ങളാണ് ഒന്നാംഘട്ടത്തില്‍ നടക്കുക. സീസണില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു അഞ്ച് ഹോം മല്‍സരങ്ങള്‍ ബെംഗളൂരുവിലും രണ്ട് ഹോം മല്‍സരങ്ങള്‍ റായ്പൂരിലും കളിക്കും. പഞ്ചാബ് കിംഗ്‌സ് നാല് ഹോം മല്‍സരങ്ങള്‍ ന്യൂ ചണ്ഡീഗഡിലും മൂന്ന് ഹോം മല്‍സരങ്ങള്‍ ധര്‍മ്മശാലയിലും കളിക്കും, രാജസ്ഥാന്‍ റോയല്‍സ് മൂന്ന് ഹോം മല്‍സരങ്ങള്‍ ഗുവാഹാട്ടിയിലും നാല് ഹോം മല്‍സരങ്ങള്‍ ജയ്പൂരിലും കളിക്കും.


