Headlines

സ്വന്തം വീട്ടിൽ നിന്ന് പണവും സ്വർണവും കവർന്ന ശേഷം പോലീസിനെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ച യുവാവ് പിടിയിൽ

വിഴിഞ്ഞം: സ്വന്തം വീട്ടിൽ നിന്ന് പണവും സ്വർണവും കവർന്ന ശേഷം പോലീസിനെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ച യുവാവ് പിടിയിലായി. വെങ്ങാനൂർ സ്വദേശി മനോജിനെയാണ് (33) വിഴിഞ്ഞം പോലീസ് അറസ്റ്റ് ചെയ്തത്. ജനൽ കമ്പി മുറിക്കാൻ ഉപയോഗിച്ച ഇലക്ട്രിക് കട്ടറാണ് പ്രതിയെ പോലീസിന് മുന്നിൽ കുടുക്കിയത്.


തിങ്കളാഴ്ച വൈകീട്ട് ആറരയോടെയാണ് മനോജ് വീട്ടിൽ സൂക്ഷിച്ചിരുന്ന ആഭരണങ്ങളും പണവും മോഷ്ടിച്ചത്. തുടർന്ന് വീടിന്റെ പിൻവാതിൽ തുറന്നിടുകയും വൈദ്യുതിയിൽ പ്രവർത്തിക്കുന്ന കട്ടർ ഉപയോഗിച്ച് ജനാലയുടെ കമ്പികൾ മുറിച്ചുമാറ്റുകയും ചെയ്തു. തുടർന്ന് ഓട്ടോറിക്ഷ ഓടിക്കാൻ പോയിരുന്നു. പിന്നാലെ കട്ടച്ചൽക്കുഴിക്ക് സമീപം മീൻവിൽക്കുന്ന ഭാര്യയെ ഓട്ടോറിക്ഷയിൽ കയറ്റി വീട്ടിൽ തിരിച്ചെത്തി. വാതിൽ തുറന്നിട്ടിരിക്കുന്നതും ജനാലകമ്പികൾ മുറിച്ചതും കണ്ട് ഭാര്യക്കൊപ്പം ബഹളംവെച്ചു.

തുടർന്ന് പോലീസിൽ നൽകിയ വിവരത്തെ തുടർന്ന് നടത്തിയ വിശദ അന്വേഷണത്തിലായിരുന്നു വീട്ടുടമയാണ് മോഷണം നടത്തിയതെന്ന് തെളിഞ്ഞത്. എസ്.എച്ച്.ഒ. വി. ഡി. രെജി രാജ്, എസ്.ഐ.ആർ.എസ്. രഞ്ചു, സി.പി.ഒ.മാരായ വിനയകുമാർ, രെജിൻ എന്നിവരുൾപ്പെട്ട സംഘം ഇയാളെയും വീട്ടിലുണ്ടായിരുന്ന ബന്ധുവിനെയും സ്‌റ്റേഷനിലെത്തിച്ച് നടത്തിയ ചോദ്യം ചെയ്യലിലായിരുന്നു പ്രതി കുടുങ്ങിയത്. ജനൽക്കമ്പി മുറിച്ചപ്പോഴുണ്ടായ പൊടിയും കൈകളിലുണ്ടായ നിസ്സാര പൊള്ളലും കണ്ടെത്തിയതോടെയാണ് മോഷണം ഇയാളാണ് നടത്തിയതെന്ന് തെളിഞ്ഞത്. കുറ്റസമ്മതം നടത്തിയതിനെത്തുടർന്ന് ഇയാളെ അറസ്റ്റുചെയ്തു. തുടർന്ന് വീട്ടിലെ അലമാരയിൽ ഒളിപ്പിച്ചിരുന്ന ആഭരണവും പണവും പോലീസ് കണ്ടെടുത്തു. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: