ബംഗളൂരു : ബെംഗളൂരുവിലെ നെലമംഗലയ്ക്ക് സമീപം അമിതവേഗതയില്‍ വന്ന ലോറി ഇടിച്ച് നാല് വയസ്സുകാരി മരിച്ചു. ശനിയാഴ്ച രാവിലെ 11.30 ഓടെയാണ് അപകടം നടന്നത്.
ബംഗളൂരു നോർത്ത് താലൂക്കിലെ ഹനുമന്തഗൗഡ പാളയയില്‍ രാജേന്ദ്രൻ-ലാവണ്യ ദമ്പതികളുടെ മൂത്ത മകള്‍ നിഷികയാണ് ദാരുണമായി മരണപ്പെട്ടത്.
ഗൊല്ലഹള്ളിയിലെ ആഞ്ജനേയ സ്വാമി ക്ഷേത്രത്തിലേക്ക് നടന്നുപോവുകയായിരുന്നു ലാവണ്യയും മക്കളും. രണ്ടാമത്തെ കുഞ്ഞിനെ എടുത്തും നിഷികയുടെ കൈപിടിച്ചുമാണ് ലാവണ്യ റോഡിലൂടെ നടന്നിരുന്നത്. ഇടുങ്ങിയ റോഡിലൂടെ അമിതവേഗതയില്‍ വന്ന കാൻട്രോ ലോറി നിയന്ത്രണം വിട്ട് നിഷികയുടെ മേല പാഞ്ഞുകയറുകയായിരുന്നു.
ലോറി ഇടിച്ചുവെങ്കിലും ലാവണ്യയും കൈകുഞ്ഞും പരിക്കേല്‍ക്കാതെ അദ്ഭുതകരമായി രക്ഷപ്പെട്ടു. എന്നാല്‍ നിഷിക സംഭവസ്ഥലത്തുവെച്ചുതന്നെ മരണത്തിന് കീഴടങ്ങി. അപകടത്തിന് പിന്നാലെ രോഷാകുലരായ നാട്ടുകാർ ലോറി തടയുകയും വാഹനത്തിന്റെ ചില്ലുകള്‍ തകർക്കുകയും ചെയ്തു.
ഡ്രൈവറെ പിടികൂടി മർദ്ദിച്ച ശേഷം പൊലീസിന് കൈമാറി. ഡ്രൈവറുടെ അശ്രദ്ധമായ ഡ്രൈവിംഗാണ് അപകടത്തിന് കാരണമെന്ന് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. മദനായകനഹള്ളി പൊലീസ് സ്ഥലത്തെത്തി ലോറിയും ഡ്രൈവറെയും കസ്റ്റഡിയിലെടുത്തു. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
കർണാടകയില്‍ മേദഹള്ളിക്ക് സമീപം നടന്ന മറ്റൊരു അപകടത്തില്‍, ടയർ പൊട്ടി റോഡരികില്‍ നിർത്തിയിട്ടിരുന്ന ഒരു ട്രക്കില്‍ മിനി ഗുഡ്സ് വാഹനം ഇടിച്ചുകയറി മൂന്ന് പേർ മരിച്ചു. അപകടത്തിന്റെ ആഘാതത്തില്‍ മിനി ഗുഡ്സ് വാഹനം പൂർണമായും തകർന്നു. സംഭവവുമായി ബന്ധപ്പെട്ട് പോലീസ് കേസെടുത്തു.


