സ്വർണം പണയം വെച്ചാൽ ഇനി കൂടുതൽ തുക; പുതിയ നിയമവുമായി ആർബിഐ





സ്വർണം പണയം വെയ്ക്കാൻ പ്ലാനുണ്ടോ? റിസർവ് ബാങ്കിൻ്റെ പുതിയ സ്വർണ പണയ നിയമങ്ങൾ ഏപ്രിൽ ഒന്നുമുതൽ നിലവിൽ  വായ്‌പയെടുക്കുന്നതിലും തിരിച്ചടവിലും വലിയ മാറ്റങ്ങളാണ് പുതിയ നിയമത്തിലുള്ളത്. സ്വർണത്തിനുമേൽ എത്ര തുക വായ്‌പ അനുവദിക്കാം എന്ന് കണക്കാക്കുന്ന ലോൺ ടു വാല്യു റേഷ്യോ ഉയർത്തിയതാണ് സാധാരണക്കാർക്ക് ഗുണമാകുന്ന തീരുമാനം.

നേരത്തെ 75 ശതമാനമായിരുന്ന ലോൺ ടു വാല്യു റേഷ്യോ ഇനി വായ്‌പ തുക അനുസരിച്ച് മാറും. 2.50 ലക്ഷം രൂപ വരെയുള്ള വായ്പ‌കൾക്ക് 85 ശതമാനമാണ് ലോൺ ടു വാല്യു. അതായത് ഒരു ലക്ഷം രൂപയുടെ സ്വർണം പണയം വെച്ചാൽ 85,000 രൂപ ലഭിക്കും. 2.50 ലക്ഷം രൂപ മുതൽ 5 ലക്ഷം രൂപ വരെയുള്ള വായ്‌പകൾക്ക് 80 ശതമാനമാണ് ലോൺ ടു വാല്യു. അഞ്ചു ലക്ഷത്തിന് മുകളിലുള്ള വായ്‌പയാണെങ്കിൽ 75 ശതമാനമാണ് ലോൺ ടു വാല്യു അനുവദിക്കുക
2.50 ലക്ഷം രൂപ വരെയുള്ള വായ്പ‌കളാണെങ്കിൽ ഇടപാടുകാരന്റെ തിരിച്ചടവ് ശേഷി പരിശോധിക്കുന്ന ക്രെഡിറ്റ് അപ്രൈസൽ ഉണ്ടാകില്ല. വായ്‌പ നൽകുന്നതിന് മുൻപ് ഇടപാടുകാരൻറെ ക്രെഡിറ്റ് ഹിസ്‌റ്ററി വിലയിരുത്താനാണ് ക്രെഡിറ്റ് അപ്രൈസൽ. ക്രെഡിറ്റ് സ്കോർ മോശമായതിനാൽ വായ്‌പ ലഭിക്കാതെ പോകുന്നവർക്ക് ഇത് വലിയ ആശ്വാസമാകും.

വായ്‌പ തുക എന്തിന് ഉപയോഗിക്കുന്നു എന്ന നിരീക്ഷിണം മുൻഗണനാ വായ്‌പകളിൽ മാത്രമായി പരിമിതപ്പെടുത്തും. ഏതെങ്കിലും വ്യക്തി പരിധി കടന്ന് സ്‌ഥിരമായി സ്വർണ വായ്പ‌ എടുക്കുന്നുണ്ടെങ്കിൽ കള്ളപ്പണ ഇടപാടില്ലെന്ന് ഉറപ്പാക്കാൻ നിരീക്ഷണം നടത്തും.
ബുള്ളറ്റ് റീപേയ്മെൻ്റ് രീതിയുടെ കാലാവധി പരാമാവധി 12 മാസമായി നിജപ്പെടുത്തി. വായ്പയെടുത്ത തുകയും പലിശയും കാലാവധിയുടെ അവസാനം ഒന്നിച്ച് അടച്ചു തീർക്കുന്നതാണ് ബുള്ളറ്റ് റീപേയ്മെന്റ് ലോണുകൾ. ഇവ പലിശയടച്ചു പുതുക്കുന്നതിന് തടസ്സമില്ല. സ്വർണപ്പണയ വായ്‌പകളിൽ കുടിശ്ശികയില്ലെങ്കിൽ മാത്രമെ പുതുക്കാൻ അനുവദിക്കുകയുള്ളൂ. ഇഎംഐയിലാണ് സ്വർണ പണയ വായ്‌പയെടുക്കുന്നതെങ്കിൽ 12 മാസത്തെ പരിധിയില്ല.

പരമാവധി പണയം വെയ്ക്കുന്ന സ്വർണത്തിന്റെ പരിധി ഒരു കിലോ ഗ്രാം ആണ്.

സ്വർണനാണയമാണെങ്കിൽ 50 ഗ്രാം ഈടായി വായ്പയെടുക്കാം. വെള്ളി ആഭരണങ്ങൾ ആണെങ്കിൽ 10 കിലോയും വെള്ളി നാണയങ്ങൾ 500 ഗ്രാം വരെയും പണയം വെയ്ക്കാം.

തിരിച്ചടവിന് ശേഷം എളുപ്പത്തിൽ പണയ വസ്തു തിരികെ ലഭിക്കും. വായ്‌പ അവസാനിപ്പിക്കുന്ന ദിവസമോ ഏഴു പ്രവർത്തി ദിവസത്തിനുള്ളിലോ പണയ വസ്തു തിരികെ നൽകണം. വൈകിയാൽ ഓരോ ദിവസത്തിനും ബാങ്ക് 5,000 രൂപ വീതം ഇടപാടുകാരന് പിഴ നൽകണം.

സ്വർണം ലേലം ചെയ്യുന്നതിന് മുൻപ് കൃത്യമായ അറിയിപ്പ് നൽകണം. പണയത്തിൽ ബാങ്ക് തീരുമാനിക്കുന്ന കരുതൽ വില വിപണി മൂല്യത്തിന്റെ 90 ശതമാനമെങ്കിലുമാകണം. ലേലത്തിൽ നിന്നുള്ളം റിക്കവറിക്ക് ശേഷം മിച്ചം വരുന്ന തുക ഏഴു പ്രവൃത്തി ദിവസങ്ങൾക്കുള്ളിൽ ഇടപാടുകാരന് തിരികെ നൽകണം. വായ്‌പാ നിബന്ധനകളും മൂല്യനിർണയ വിശദാംശങ്ങളും പ്രാദേശിക ഭാഷയിൽ പ്രസിദ്ധീകരിക്കണം..

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: